അമീബിക് മസ്തിഷ്കജ്വരം: രണ്ടുപേരുടെ നില അതീവ ഗുരുതരം
Monday, September 8, 2025 5:33 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്.
എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
കോഴിക്കോട് ഓമശേരിസ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര് കാപ്പില്‍ കണ്ണേത്ത് റംലയും വയനാട് ബത്തേരി സ്വദേശി രതീഷുമാണ് മരണത്തിന് കീഴടങ്ങിയത്. വിദേശത്തുനിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.