"തൊടുപുഴയിലും പോലീസ് മർദന പരാതി'; ഡിവൈഎസ്പി ഷൂസിട്ട് ചവിട്ടിയെന്ന് പരാതിക്കാരൻ
Tuesday, September 9, 2025 1:23 AM IST
തൊടുപുഴ: മൂന്ന് വർഷം മുൻപ് തൊടുപുഴയിൽ നടന്ന മർദന പരാതിയിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരേ തുടർ നടപടിയെടുക്കാതെ പോലീസ് ഒത്തുകളിച്ചെന്ന് പരാതിക്കാരൻ.
തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെ മധു ബാബു മലങ്കര സ്വദേശി വി.കെ. മുരളീധരനെ ഓഫീസിൽ വച്ച് മർദിച്ചെന്നാണ് പരാതി. തുടർന്ന് ചികിത്സ തേടിയ മുരളീധരൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2022 ഡിസംബർ 21ന് മുരളീധരനെ മധു ബാബു ക്രൂരമായി മർദിച്ചെന്നണ് പരാതി. സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ സംസാരിക്കാനെന്ന പറഞ്ഞാണ് മധുബാബു മുരളീധരനെ സ്റ്റേഷനിലേക്കു വിളിച്ച് വരുത്തിയത്. തുടർന്ന് കാര്യങ്ങൾ ചോദിക്കുന്നതിനിടെ മധു ബാബു പ്രകോപിതനായി വയർലെസ് സെറ്റ് എടുത്ത് എറിഞ്ഞെന്നും മറിഞ്ഞുവീണ തന്നെ നിലത്തിട്ട് ഷൂ കൊണ്ട് ചവിട്ടി എന്നുമാണ് മുരളീധരന്റെ പരാതി.
തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും പോലീസ് ഇടപെട്ട് ചികിത്സ തുടരാൻ അനുവദിച്ചില്ല. പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിയാണ് തുടർചികിത്സ നടത്തിയത്.കേസ് തീർപ്പാക്കാൻ സാന്പത്തിക സഹായം ഉൾപ്പെടെ വാഗ്ദാനം ഉണ്ടായെന്നും എന്നാൽ കേസുമായി മുന്നോട്ടുപോകുകയാണെന്നും മുരളീധരൻ പറഞ്ഞു.
ചീത്തപ്പേരുണ്ടാക്കുന്ന പോലീസുകാർക്കെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: സമൂഹത്തിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കുന്ന പോലീസ് സേനാംഗങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
പോലീസ് സ്റ്റേഷനുകളിൽ പ്രതിയെ മർദിക്കാനും ശിക്ഷിക്കാനും പോലീസിന് അധികാരമില്ല. ശിക്ഷിക്കാൻ കോടതിക്ക് മാത്രമാണ് അധികാരം.
അതേസമയം, 2017ൽ തനിക്ക് നേമം പോലീസ് സ്റ്റേഷനിൽനിന്ന് മർദനമേറ്റ സംഭവത്തിൽ എസ്ഐ സമ്പത്തിനെ സംരക്ഷിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറിന്റേത് രാഷ്ട്രീയാരോപണമാണ്; മറുപടി അർഹിക്കുന്നില്ല. ആരോപണം ആർക്കും ഉന്നയിക്കാം. പരാതികളുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.