തീരാത്ത കാക്കി ക്രൂരത; പോലീസിനെതിരേ 12 വര്‍ഷത്തെ പോരാട്ടം ജയിച്ച് പ്രവാസി വീട്ടമ്മ
Tuesday, September 9, 2025 1:23 AM IST
കൊച്ചി: ബന്ധുക്കള്‍ക്കെതിരേ നല്കിയ സാമ്പത്തികതട്ടിപ്പ് പരാതിയില്‍ പ്രതികള്‍ക്കൊപ്പം നിലകൊണ്ട പോലീസ് നടപടിക്കെതിരെ വീട്ടമ്മ നടത്തിയ 12 വര്‍ഷത്തെ ഒറ്റയാള്‍പോരാട്ടത്തിന് വിജയത്തിളക്കം.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്നിന്നുള്പ്പെടെ നേരിടേണ്ടിവന്ന മോശം പെരുമാറ്റവും അവഗണനയും വിവരിച്ചുകൊണ്ട് ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിയായ പ്രവാസി വീട്ടമ്മ ജ്യോത്സ്ന ബിനുവാണു ഹൈക്കോടതിയുടെ ഇടപടലിലൂടെ തനിക്ക് നീതി ലഭിച്ച സന്തോഷം വാർത്താസമ്മേളനം വിളിച്ച് പങ്കുവച്ചത്.
2013 ഒക്ടോബറിലാണ് സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ബന്ധുക്കളായ അഭിഭാഷകന് അടക്കം മൂന്നു പേര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. നടപടിയുണ്ടാകാതെവന്നതോടെ ഒരു വര്‍ഷത്തോളം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. ഒടുവില്‍ 2014 ഏപ്രിലിൽ കേസെടുത്തു.
തുടര്‍ന്ന് അന്വേഷണമൊന്നും ഉണ്ടായില്ല. ഇതിനിടെ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ഒത്തുതീര്‍പ്പിനുള്ള മധ്യസ്ഥശ്രമം നടത്തി. വഴങ്ങാതെവന്നപ്പോള്‍ ശത്രുവിനെപ്പോലെയാണ് ആ ഉദ്യോഗസ്ഥന് പിന്നീട് പെരുമാറിയത്. ആഭ്യന്തരമന്ത്രിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2015ല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. രണ്ടു വര്‍ഷക്കാലം ഉദ്യോഗസ്ഥന് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു.
ഇതിനെതിരേ ക്രൈംബ്രാഞ്ച് ഡിഐജിക്കു പരാതി നല്കി. ഡിപ്പാര്‍ട്ട്മെന്റുതല അന്വേഷണം പ്രഖ്യാപിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണു പോലീസ് ശ്രമിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെയും കൂട്ടുനിന്ന ഉദ്യോഗസ്ഥനെയും കേസില്‍ പ്രതികളാക്കി.
ഇതിനിടെ, കേസന്വേഷണത്തിന്റെ ഭാഗമായി തന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കു വാങ്ങി. തനിക്ക് ലഭിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ തന്റെ മൊബൈല്‍ ഫോണിന്റേതായി കാണിച്ച ഐഎംഇഐ നമ്പറും ഫോണ്‍ നമ്പറും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത് സ്വാഭാവികമായി സംഭവിക്കുന്ന പിഴവാണെന്ന് പറഞ്ഞ പോലീസ്, തിരുത്തല്‍ സംഭവിച്ചത് രേഖകള്‍ കോടതിയുടെ പക്കല്‍ ഇരിക്കവെയാണെന്നും പറഞ്ഞു. ഇതിനെതിരേ പത്തനംതിട്ട സിജെഎം കോടതിയില്‍ സ്വയം വാദിച്ചാണ് രേഖയില്‍ തിരുത്തല്‍ വരുത്തിയത് പോലീസാണെന്നു സ്ഥാപിച്ചത്. കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കത്തിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2023ല്‍ ഹൈക്കോടതിയെ സമീപിച്ചു.
കോടതി ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം കഴിഞ്ഞ ഓഗസ്റ്റ് 27ന് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗത്തിനും ധാര്‍ഷ്ട്യത്തിനുമെതിരേ താന്‍ നടത്തിയത് സാധാരണക്കാർക്കുവേണ്ടിയുള്ള പോരാട്ടമായാണു കാണുന്നതെന്നും ജ്യോത്സന പറഞ്ഞു.