ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ അന്തരിച്ചു
Monday, September 8, 2025 5:33 AM IST
കൊടുങ്ങല്ലൂർ: ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ (77) അന്തരിച്ചു. ആനാപ്പുഴ പൊയ്യത്തറ കൃഷ്ണന്റെയും തിരുത്തോളി കുമാരിയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഇരുപത്തഞ്ചോളം ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പാലിയംതുരുത്ത് വിദ്യാർഥദായിനി യുപി സ്കൂളിൽ 36 വർഷത്തോളം പ്രധാനാധ്യാപകനായിരുന്നു. ദൂരദർശനിലും ആകാശവാണിയിലും കുട്ടികളോടൊത്ത് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു. വിവിധ സ്കൂളുകളിലും കലാ-സാംസ്കാരിക സംഘടനകളിലുമായി മൂന്നൂറിൽപ്പരം കഥ - കവിത ക്ലാസുകൾ നടത്തിയിട്ടുണ്ട്. പി.നരേന്ദ്രനാഥ് ബാലസാഹിത്യപുരസ്കാരം, മികച്ച സ്കൂളധ്യാപകന് തൃശൂർ സഹൃദയവേദി നൽകുന്ന ജി.കെ. കുറുപ്പു മാസ്റ്റർ അവാർഡ്, അധ്യാപക പ്രതിഭ അവാർഡ്, മഹാത്മാ ഫൂലെ നാഷണൽ അവാർഡ്, ബാലമിത്ര പുരസ്കാരം, കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ സെക്രട്ടറിയാണ്. അക്ഷരച്ചെപ്പ് (അക്ഷരപ്പാട്ടുകൾ), ഒറ്റയിരട്ട (കുട്ടിക്കവിതകൾ), മാന്ത്രികവടി (കുട്ടികളുടെ നോവൽ), നാടൻ ക്രിക്കറ്റ് (ബാല കവിതകൾ), രാമുവും രാക്ഷസനും (കഥകൾ), പുതുമഴത്തുള്ളികൾ (കുട്ടിക്കവിതകൾ), 108 കുട്ടിക്കവിതകൾ, ചിന്നുവും കൂട്ടുകാരും (കുട്ടികളുടെ നോവൽ) തുടങ്ങിയ കൃതികളാണ്. ഭാര്യ: എം.കെ. സാവിത്രി. മക്കൾ: മിൽസാ മുരളി, മിത്രൻ. മരുമക്കൾ: ശിഖ, ശിരാജ്.