അഡ്വ. പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
Tuesday, September 9, 2025 1:23 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും അഭിഭാഷകനുമായ കോട്ടയം പാറമ്പുഴ ഒറ്റത്തൈയില്‍ പ്രിന്‍സ് ലൂക്കോസ് (52) അന്തരിച്ചു.
വേളാങ്കണ്ണി പള്ളിയില്‍ തീര്‍ഥാടനത്തിനുശേഷം കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇന്നലെ പുലര്‍ച്ചെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിയോഗം.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാറമ്പുഴ ബേത്ലഹേം പള്ളിയില്‍. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രിന്‍സ് കുടുംബസമേതം വേളാങ്കണ്ണിക്കു പോയത്. ഞായറാഴ്ച വൈകുന്നേരം 6.40നു വേളാങ്കണ്ണിയില്‍നിന്ന് എറണാകുളത്തേക്കുള്ള വേളാങ്കണ്ണി എക്സ്പ്രക്സില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തെങ്കാശിയിലെത്തിയപ്പോള് ശുചിമുറിയിൽ പോകാന്‍ എഴുന്നേറ്റ പ്രിന്‍സ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപക ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി ഒ.വി. ലൂക്കോസിന്റെ മകനാണ്. പിതാവിന്റെ പാതയില്‍ രാഷ്ട്രീയത്തിലെത്തിയ പ്രിന്‍സ് കെഎസ്സി-എം, യൂത്ത് ഫ്രണ്ട്- എം സംസ്ഥാന പ്രസിഡന്റായിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ വി.എന്‍. വാസവനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്.
ഭാര്യ: സിന്ധു ജോസ് (റീജണല്‍ മാനേജര്‍ കനറാ ബാങ്ക്, സംക്രാന്തി) കൊഴുവനാല്‍ മണിയങ്ങാട്ട് കുടുംബാംഗം. മക്കള്‍: ഹന്ന (ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥിനി, മംഗളം കോളജ് ഓഫ് എന്‍ജിനിയറിംഗ്), ലൂക്ക (കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി). അമ്മ: ആനിയമ്മ കൊഴുവനാല്‍ വടക്കേക്കുറ്റ് കുടുംബാംഗം.