ശ്രീനാരായണ ഗുരുവിനെ ശ്രീകൃഷ്ണനോട് ഉപമിച്ച് ഗവർണർ ആർലേക്കർ
Monday, September 8, 2025 5:33 AM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ശ്രീകൃഷ്ണനോടുപമിച്ചു ഗവർണർ ആർ.വി. ആർലേക്കർ. മഹാഭാരത യുദ്ധഭൂമിയിൽ ശ്രീകൃഷ്ണൻ അർജുനന്റെ ആശയക്കുഴപ്പം നീക്കി ധർമമാർഗം പഠിപ്പിച്ചതുപോലെ, ശ്രീനാരായണഗുരുവിനെപ്പോലു ള്ള മഹാത്മാക്കൾ ജനങ്ങളിൽ പ്രത്യക്ഷപ്പെട്ടു നമ്മെ വഴികാട്ടുന്നതായി ഗവർണർ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ഗുരു ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരികെ ഒന്നും പ്രതീക്ഷിക്കാതെ എല്ലാം സമൂഹത്തിനു നൽകിയ യഥാർഥ സാമൂഹിക പരിഷ്കർത്താവായിരുന്നു ഗുരു. അദ്ദേഹത്തിന്റെ സന്ദേശം പുതുതലമുറകള്‍ ജീവിതത്തിൽ പകർത്തണം. ഇത്തരം മഹാത്മാക്കളുടെ പ്രത്യേകത, അവർ ലോകത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ എല്ലാം നൽകാനാണ് വരുന്നത്. പുതിയ മതമോ ധർമമോ സ്ഥാപിക്കാൻ താൻ വന്നിട്ടില്ലെന്നു ശ്രീനാരായണ ഗുരു പറഞ്ഞു. പാരന്പര്യമായി നമ്മുടെ മുൻഗാമികൾ പഠിപ്പിച്ച ശാശ്വതസത്യങ്ങളെ പുതുക്കിപ്പറയാനാണ് വന്നത്.
അദ്ദേഹത്തിന്റെ സന്ദേശം വളരെ ലളിതമായിരുന്നു, അത്ര തന്നെ ആഴമുള്ളതും. മൃഗങ്ങൾ, വൃക്ഷങ്ങൾ, നദികൾ, പ്രകൃതി മുഴുവനായും അദ്ദേഹത്തിന്റെ കരുണയുടെ ഭാഗമായിരുന്നു. സമഗ്രമായ, സഹിഷ്ണുതയുള്ള, കരുണാഭരിതമായ സമൂഹത്തിന്റെ ദർശനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ഗവർണർ പറഞ്ഞു. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.