കോഴിക്കോട്ടും പോലീസിനെതിരേ മൂന്നാംമുറ ആരോപണം
Monday, September 8, 2025 5:33 AM IST
കോഴിക്കോട്: കോഴിക്കോട്ടും പോലീസിനെതിരേ മൂന്നാംമുറ ആരോപണം. പന്നിയങ്കര സ്റ്റേഷനിലെത്തിയ കോഴിക്കോട് വേങ്ങേരി സ്വദേശി മുഹമ്മദ് മുസ്തഫയെയും സഹോദരനെയും പോലീസ് മര്‍ദിച്ചെന്നാണു പരാതി. മോശം പെരുമാറ്റം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് മുസ്തഫയെ സ്റ്റേഷനില്‍ കയറ്റി മര്‍ദിച്ചതെന്നും മര്‍ദനത്തില്‍ മുസ്തഫയുടെ സഹോദരന് മുനീഫിന്റെ ചെവിയില്‍നിന്നു രക്തം വന്നെന്നും പരാതിയിലുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. തുടര്‍ന്ന് പന്നിയങ്കര പോലീസിനെതിരേ മുസ്തഫ കോഴിക്കോട് സിറ്റി കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മാത്രമാണ് ഉണ്ടായതെന്ന് മുസ്തഫ പറഞ്ഞു.
മുസ്തഫ സഞ്ചരിച്ചിരുന്ന കാര്‍, ഇരുചക്ര വാഹനവുമായി ഉരസിയതുമായി ബന്ധപ്പെട്ടാണ് പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്നാണ് പരാതിക്കാധാരമായ സംഭവമുണ്ടായത്. സംഭവത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവും നടപ്പിലായില്ല. ഒക്ടോബര്‍ 29ന് മുഖ്യമന്ത്രിക്കും പരാതി നല്കി. നടപടി ഇല്ലാതായതോടെ ഇനി കോടതിയെ സമീപിക്കാനാണു തീരുമാനം.