കുറ്റവാളിക്കു രക്ഷപ്പെടാൻ വഴിയൊരുക്കി; വിയ്യൂർ പോലീസിനെതിരേ ഗുരുതര ആരോപണം
Tuesday, September 9, 2025 1:23 AM IST
തൃശൂർ: വ്യാജ ഫേസ്ബുക്ക് ചാറ്റ് നിർമിച്ച് വധുവിന് അയച്ചുകൊടുത്ത് മകന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുറ്റവാളിക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയെന്നു പോലീസിനെതിരേ ആരോപണം.
ചേറൂർ പള്ളിമൂല പെരുന്പള്ളിൽ എഡ്വിനും ഭാര്യയുമാണു പരാതിക്കാർ. ഇരുവരെയും രാത്രി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിയ്യൂർ സിഐ മാനസികമായി തളർത്താൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.
പരാതി നല്കി 12 ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സിഐക്കെതിരേ ഡിജിപി, എഡിജിപി, ഡിഐജി എന്നിവർക്കു നല്കിയ പരാതിയിൽ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് വിയ്യൂർ സ്റ്റേഷനിലെതന്നെ സിപിഒയെ. എന്നാൽ, തെളിവുകൾസഹിതം പരാതി നല്കി ഇരുപതു ദിവസത്തോളമായിട്ടും കുറ്റക്കാർക്കെതിരേ എഫ്ഐആര് ഇടാനോ പ്രാഥമിക അന്വേഷണം നടത്താനോ പോലീസ് തയാറായിട്ടില്ല.
ഓഗസ്റ്റ് 15നാണ് ഇതരസംസ്ഥാനക്കാരിയായ വധുവിന് അസഭ്യം നിറഞ്ഞ വ്യാജ ഫേസ്ബുക്ക് ചാറ്റ് വാട്സാപ്പിൽ അയച്ചുകിട്ടിയത്. ഇവർ ഉടൻ വിവരം ഭാവിവരനെ അറിയിച്ചു. ഇതരസംസ്ഥാനത്തു ജോലിയുള്ള മകൻ വിവരം വീട്ടിൽ അറിയിക്കുകയും അന്നുതന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നല്കുകയും ചെയ്തു.
തുടർന്ന് പരാതി വിയ്യൂർ പോലീസിനു കൈമാറിയതായി അറിയിപ്പു കിട്ടി. ഇതനുസരിച്ച് വ്യാജ ഫേസ്ബുക്ക് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും ഇത് അയച്ചുകിട്ടിയ ഫോൺ നന്പറും വിയ്യൂർ പോലീസിനു കൈമാറി. 12 ദിവസത്തിനുശേഷം വിയ്യൂർ പോലീസുമായി ബന്ധപ്പെട്ടപ്പോൾ വധു താമസിക്കുന്ന സംസ്ഥാനത്തെ പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത്രയും ദിവസം കഴിഞ്ഞിട്ടും പരാതിയിൽ എഫ്ഐആർപോലും ഇടാത്ത വിയ്യൂർ പോലീസിൽനിന്നു നീതി ലഭിക്കില്ലെന്ന് ഉറപ്പായയെന്നറിയിച്ചപ്പോൾ എഡ്വിനോടു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഭാര്യയോടൊപ്പം സ്റ്റേഷനിലെത്തിയ എഡ്വിന് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. തുടർന്ന് മകനെക്കുറിച്ച് ഇല്ലാക്കഥകൾ ചമച്ച് കുറ്റവാളികളോടെന്നപോലെ പെരുമാറി. മകനെതിരേ കുറ്റം ചുമത്താനായിരുന്നു സിഐയുടെ ശ്രമം. ഭാര്യ കൂടെയുള്ളതിനാലാണു മർദനമേൽക്കാതെ രക്ഷപ്പെട്ടതെന്നു കരുതുന്നതായും എഡ്വിൻ പറഞ്ഞു.
തുടർന്ന് കാര്യങ്ങൾ വിശദീകരിച്ചും അന്വേഷണം സത്യസന്ധനായ ഉദ്യോഗസ്ഥനു കൈമാറണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും ഡിഐജിക്കും പരാതി നല്കി.
എന്നാൽ, കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്നതുപോലെ, മൊഴിയെടുക്കാൻ വിയ്യൂർ പോലീസ് സ്റ്റേഷനിലേക്കു ചെല്ലണമെന്നായിരുന്നു ആവശ്യം.
വിയ്യൂർ സിഐക്കെതിരേയുള്ള പരാതിയിൽ സ്റ്റേഷനിലെതന്നെ സിപിഒയെയാണു അന്വേഷണച്ചുമതല ഏൽപ്പിച്ചെന്നതാണു വിചിത്രം. ഇതിൽ പ്രതിഷേധിച്ച് മൊഴി കൊടുക്കാൻ തയാറല്ലെന്ന് ഡിജിപിയെ അറിയിച്ചതായും എഡ്വിൻ വ്യക്തമാക്കി.