തദ്ദേശ തെരഞ്ഞെടുപ്പ് : ഇരട്ടവോട്ടർമാരെ ഒഴിവാക്കുന്ന
നടപടി സങ്കീർണമാകും
സ്വന്തം ലേഖകൻ
Monday, September 8, 2025 5:33 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി തയാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടർ കടന്നുകൂടിയത് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു തലവേദനയായി. ഇരട്ട വോട്ടർമാരെ അന്തിമ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതു സങ്കീർണമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
ഇരട്ടവോട്ടർമാരെ സ്വമേധയാ ഒഴിവാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) കഴിയില്ല. രാഷ്ട്രീയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു വോട്ടുള്ളതിൽ ഒരിടത്ത് ഒഴിവാക്കിയാൽ ഇപ്പോൾ താമസിക്കുന്നിടത്തെ വോട്ട് ഒഴിവാക്കിയെന്ന വാദം ഉന്നയിച്ച് വോട്ടർക്ക് രംഗത്തെത്താനാകും. പഞ്ചായത്ത് സെക്രട്ടറിമാരുടെ പിഴവാണ് അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടർമാർ കടന്നുകയറാൻ ഇടയാക്കിയതെന്നാണു വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ ഒരാൾ രണ്ടു വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പു കമ്മീഷനു ചെയ്യാനാകുക. രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തണമെന്നാണ് കമ്മീഷൻ പറയുന്നത്.
നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളിലും ഇരട്ടവോട്ടർമാരുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പരാതികളിൽനിന്നു വ്യക്തമാകുന്നത്. പരേതരെയും സ്ഥലംമാറി പോയവരെയും പട്ടികയിൽനിന്നു നീക്കം ചെയ്തു ശുദ്ധമായ അന്തിമ വോട്ടർപട്ടിക തയാറാക്കാനാണ് കമ്മീഷൻ ശ്രമിച്ചത്. കരട് വോട്ടർപട്ടികയെ അപേക്ഷിച്ച് 16.34 ലക്ഷം വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഇടം നേടിയത്. കരട് പട്ടികയിൽ 2.66 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ അന്തിമ വോട്ടർപട്ടിക കഴിഞ്ഞ രണ്ടിനു പ്രസിദ്ധീകരിച്ചപ്പോൾ 2.83 ലക്ഷമായി വോട്ടർമാരുടെ എണ്ണം ഉയർന്നു. 1.33 ലക്ഷം പുരുഷന്മാരും 1.49 ലക്ഷം സ്ത്രീകളും.