വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദര്‍ ഏലീശ്വ; ആഹ്ലാദനിറവില്‍ സിടിസി സന്യാസിനീസമൂഹം
Tuesday, September 9, 2025 1:23 AM IST
ഇടപ്പള്ളി: കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (റ്റിഒസിഡി) സ്ഥാപക മദര്‍ ഏലീശ്വ നവംബര്‍ എട്ടിനു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്ത്തപ്പെടുമ്പോള്, തെരേസ്യന്‍ കര്‍മലീത്ത സന്യാസിനീ സമൂഹം (സിടിസി) അനുഗൃഹീതമായ ആഹ്ലാദനിറവിലാണ്.
വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളി ഇടവക വൈപ്പിശേരി തറവാട്ടില്‍, തൊമ്മന്-താണ്ട ദമ്പതികളുടെ എട്ടു മക്കളില്‍ മൂത്തവളായി 1831 ഒക്ടോബര്‍ 15നാണ് ഏലീശ്വയുടെ ജനനം. 20-ാം വയസില്‍ വിധവയായ ഏലീശ്വ, പ്രാര്‍ഥനയ്ക്കായി രൂപപ്പെടുത്തിയ കളപ്പുര മുറിയില്‍, ദീര്‍ഘകാലം പരിത്യാഗത്തിലും ധ്യാനത്തിലും ജീവിച്ചു. ഈശോയുടെ ജീവതത്തോടു താദാത്മ്യം പ്രാപിച്ചു.
മദര്‍ ഏലീശ്വായുടെ സിദ്ധിയില്‍ ആകര്‍ഷിക്കപ്പെട്ട മകള്‍ അന്നയും സഹോദരി ത്രേസ്യയുമാണ് സഹസ്ഥാപകരുടെ പദവിയലങ്കരിച്ചത്. ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബെച്ചിനെല്ലി 1866 ഫെബ്രുവരി 12 നു സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപനഡിക്രി ഒപ്പുവച്ചു. ഏലീശ്വ, അന്ന, ത്രേസ്യ എന്നിവരെ റ്റിഒസിഡി സഭയുടെ അടിസ്ഥാനശിലകളായി പ്രഖ്യാപിച്ചു.
1866 ഫെബ്രുവരി 13ന് കൂനമ്മാവില്‍ റ്റിഒസിഡി സന്യാസിനി സഭ ഔദ്യോഗികമായി ആരംഭിച്ചു. കേരള സഭയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്കൂളും ബോര്‍ഡിംഗും അനാഥമന്ദിരവും സ്ഥാപിച്ചതിലൂടെ സ്ത്രീശക്തീകരണത്തിനുള്ള മദര്‍ ഏലീശ്വയുടെ പ്രതിബദ്ധതയാണു വ്യക്തമായത്.
1890ല്‍ റ്റിഒസിഡി സന്ന്യാസിനിസഭ റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു, സിടിസി, സിഎംസി എന്നീ രണ്ടു സന്യാസിനീ സമൂഹങ്ങളായി. സിടിസി സമൂഹത്തില്‍ ഇന്ന് 11 പ്രൊവിന്‍സുകളിലായി 1400 അംഗങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനത്തില്‍ സജീവമാണ്.
ക്രൈസ്തവ സഭയ്ക്കു മുഴുവന്‍ വിശുദ്ധിയുടെ മാതൃകയായ മദര്‍ ഏലീശ്വ, പ്രാദേശിക വണക്കത്തിന് അര്‍ഹയാവുന്ന ഈ സുവര്‍ണാവസരത്തില്‍ തെരേസ്യന്‍ കര്‍മലീത്ത സന്യാസിനീ സമൂഹം തങ്ങളുടെ സന്തോഷം പങ്കുവച്ചുകൊണ്ടു ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നു.