കുന്നംകുളം കസ്റ്റഡി മർദനം; ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: സുജിത്ത്
Sunday, September 7, 2025 1:35 AM IST
തൃശൂർ: കസ്റ്റഡി മർദനക്കേസിൽ പ്രതിപ്പട്ടികയിലുള്ള നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശയിൽ തൃപ്തിയില്ലെന്നു മർദനത്തിനിരയായ സുജിത്ത്. തന്നെ മർദിച്ചവരിൽ അഞ്ചാമനായ സുഹൈലിനെതിരേ നടപടിയില്ല. അഞ്ചുപേരെയും സർവീസിൽനിന്നു പിരിച്ചുവിടണം. കുന്നംകുളം ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സുജിത്ത് നിലപാട് വ്യക്തമാക്കിയത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചവിധം കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായ തന്റെ അനുഭവം ഇനിയാർക്കും ഉണ്ടാവാൻ പാടില്ല. അതിനാൽ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമാണെന്ന വിഷയത്തിൽ സുപ്രീംകോടതി കഴിഞ്ഞദിവസം സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരുമെന്നും സുജിത്ത് അറിയിച്ചു.
കഴിഞ്ഞ എട്ടുമാസത്തിനിടെ 11 മരണങ്ങളാണ് രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉണ്ടായത്. ഇതിലെ തെളിവുകൾ പലതും സിസിടിവികൾ പ്രവർത്തിപ്പിക്കാത്തതുകൊണ്ട് ലഭിക്കാത്തതോ ദൃശ്യങ്ങൾ പോലീസ് പൂഴ്ത്തിവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തതുമാണ്. 2020ലെ സുപ്രീംകോടതിവിധിയനുസരിച്ച് രാത്രിപോലും കാഴ്ച സാധ്യമാകുന്ന സിസിടിവികൾ സ്ഥാപിക്കേണ്ടതും ഇവയുടെ ഡാറ്റ 18 മാസം സൂക്ഷിക്കേണ്ടതുമാണ്.
രണ്ടുവർഷത്തോളം നടത്തിയ ശക്തമായ നിയമപോരാട്ടംകൊണ്ടും ഇവിടത്തെ നിയമങ്ങൾ ശക്തമായതുകൊണ്ടുമാണ് ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തു കൊണ്ടുവരാൻ സാധിച്ചത്. ഇപ്പോൾ കേസെടുത്ത നാലു പോലീസുകാർക്കു പുറമെ സുഹൈൽ എന്ന ഉദ്യോഗസ്ഥനുംകൂടി മർദിച്ചവരിൽ ഉണ്ടെന്നും ഇയാളെക്കൂടി കേസിൽ പ്രതിചേർക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു.
അഞ്ചുപേരെയും സർവീസിൽനിന്ന് പിരിച്ചുവിടുന്നതുവരെ സമരമുഖത്തുണ്ടായിരിക്കുമെന്നും വർഗീസ് ചൊവ്വന്നൂർ, നിതീഷ് , ബ്ലോക്ക് പ്രസിഡന്റ് സി.ബി. രാജീവ് എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സുജിത്ത് വ്യക്തമാക്കി.