കേസ് ഒതുക്കാൻ പോലീസ് പണം വാഗ്ദാനം ചെയ്തെന്ന് സുജിത്ത്
Friday, September 5, 2025 7:10 AM IST
തൃശൂർ: കസ്റ്റഡിമർദനം ഒതുക്കാൻ കുന്നംകുളം പോലീസ് പണം വാഗ്ദാനംചെയ്തെന്നു മർദനത്തിനിരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത്.
സുജിത്തിനോടും പ്രാദേശികനേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം രൂപവരെയാണു വാഗ്ദാനം ചെയ്തത്. നിയമവഴിയിൽ കാണാമെന്നു തിരിച്ചുപറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.
തന്നെ പോലീസ് ഡ്രൈവറായിരുന്ന സുഹൈറും അന്നു മർദിച്ചിരുന്നു. നിലവിൽ റവന്യു വകുപ്പിൽ ജോലിചെയ്യുന്ന ഇയാൾക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. മർദിച്ച അഞ്ചു പേർക്കെതിരേയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.
പ്രതികൾക്കു പോലീസ് കവചമൊരുക്കുകയാണെന്നും സുജിത്ത് പറഞ്ഞു. കുറ്റക്കാരായ പോലീസുകാർക്കു രക്ഷപ്പെടാൻ പഴുതുകളിട്ട് എടുത്ത കേസിൽ ദുർബലവകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവു ലഭിക്കാവുന്ന കുറ്റംമാത്രമാണ്. ഐപിസി 323 വകുപ്പുപ്രകാരം കൈകൊണ്ടടിച്ചെന്ന വകുപ്പുമാത്രമാണു ചുമത്തിയിട്ടുള്ളത്.
എസിപിയെ വിളിച്ചുവരുത്തിയത് വാറന്റ് അയച്ച്
പോലീസ് മർദനത്തിനെതിരേ കുന്നംകുളം കോടതിയിൽ നൽകിയ പരാതിയിൽ മൊഴിനൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപി കെ.സി. സേതുവിനു സമൻസയച്ചെങ്കിലും ഒരു വർഷം ഹാജരായില്ല. പിന്നീട് എസ്പി മുഖാന്തരം വാറന്റയച്ചാണു കോടതിയിൽ വരുത്തിയത്.
അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ സത്യമാണെന്നും പോലീസുകാർ മർദിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും മൊഴിനൽകിയിരുന്നു. എന്നാൽ ഉന്നത പോലീസുദ്യോഗസ്ഥരുടെ സമ്മർദത്തെതുടർന്നാണ് കോടതിയിൽ മൊഴിനൽകാൻ പോകാതിരുന്നതെന്നു സുജിത്ത് പറഞ്ഞു.