റവ. ഡോ. ആൻസൻ പാണേങ്ങാടന് തമിഴ്നാടിന്റെ അധ്യാപക പുരസ്കാരം
Friday, September 5, 2025 6:44 AM IST
കൊച്ചി: തമിഴ്നാട് സർക്കാരിന്റെ 2025ലെ ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപക പുരസ്കാരം മലയാളി വൈദികനും ഈറോഡ് കാർമൽ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. ആൻസൻ പാണേങ്ങാടന് ലഭിച്ചു.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോയമ്പത്തൂർ പ്രേഷിത പ്രവിശ്യാംഗവും വിദ്യാഭ്യാസ വിചക്ഷണനുമായ ഇദ്ദേഹം ദീർഘകാലമായി തമിഴ്നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മേധാവിയാണ്. മികച്ച ഭരണനിർവഹണം, ക്ലാസ് മാനേജ്മെന്റ്, സാമൂഹ്യ ഇടപെടലുകൾ, പ്രാദേശിക ഇടപെടലുകൾ, സ്കൂളിന്റെ അക്കാദമിക് നിലവാരം, അധ്യാപക-പഠന നിലവാരം, ഗണിത-സാമൂഹ്യ-ശാസ്ത്ര -സാങ്കേതിക-കലാ-സാഹിത്യ-സാംസ്കാരിക കായിക തലത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.
ഇന്നു ചെന്നൈയിലെ അറിഞ്ഞർ അണ്ണ സെന്റിനറി ലൈബ്രറി ഹാളിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും.
തൃശൂർ പറപ്പൂർ സ്വദേശിയാണ് ഫാ. പാണേങ്ങാടൻ. ജോസും ആനിയുമാണു മാതാപിതാക്കൾ. തൃശൂർ സെന്റ് തോമസ് കോളജിലെ അധ്യാപകനായ ഡോ. ഡെയ്സൻ പാണേങ്ങാടൻ സഹോദരനാണ്.