കാട്ടാന ആക്രമണം; കർഷകന്റെ വാരിയെല്ലും തോളെല്ലും തകർന്നു
Sunday, September 7, 2025 1:35 AM IST
കാട്ടിക്കുളം (വയനാട്): കാട്ടാന ആക്രമണത്തിൽ കർഷകന്റെ വാരിയെല്ലും തോളെല്ലും തകർന്നു. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി അടിയ ഉന്നതിയിലെ ചിന്നനാണ് (50)ഗുരുതര പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിനു തൊട്ടടുത്ത് റോഡിൽ എത്തിയ ആന, ശബ്ദം കേട്ട് ചിന്നൻ ടോർച്ച് തെളിച്ചു പുറത്തിറങ്ങിയപ്പോൾ ഓടിയടുത്ത് ആക്രമിക്കുകയായിരുന്നു.
ചിന്നനെ തുന്പിക്കൈക്ക് അടിച്ചുവീഴ്ത്തുകയും എടുത്തെറിയുകയും ചെയ്ത ശേഷം ചവിട്ടാനും കുത്താനും ശ്രമിച്ചു. വീട്ടുവളപ്പിലെ കാപ്പിച്ചെടിയിലും മരത്തിലുമാണ് ആനയുടെ ചവിട്ടും കുത്തും ഏറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ആനയെ അകറ്റിയശേഷം ചിന്നനെ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് ചിന്നനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാവലിയിലെ വനിതാ ഫോറസ്റ്റ് വാച്ചർ ദേവി ഭാര്യയാണ്.
നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ച് പരിധിയിലാണ് ചേലൂർ മണ്ണുണ്ടി. ദിവസവും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.