അപകടം വീട്ടിലെത്താൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ
Friday, September 5, 2025 6:55 AM IST
കായംകുളം: ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണം നാടിനാകെ നൊമ്പരമായി മാറി. വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ ബാക്കി നിൽക്കേയായിരുന്നു അപകടം.
ഉത്രാടദിനമായ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് (44), മക്കളായ അൽക്ക സാറാ പ്രിൻസ് (5), അതുൽ പ്രിൻസ് തോമസ്(14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസ്, മറ്റൊരു മകൾ ഐശ്വര്യ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉറങ്ങിപ്പോയെന്നു നിഗമനം
ജീപ്പ് ഓടിച്ച പ്രിൻസ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ചേർത്തലയിലേക്കു പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്നു വന്ന ഥാർ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.
ഏറെ പണിപ്പെട്ടാണ് ജീപ്പിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ദേശീയപാത ചോരക്കളം പോലെയായി. ബസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരിൽ ചിലർ റോഡിലേക്കു തെറിച്ചുവീണു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോകാനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങിവരികയായിരുന്നു പ്രിൻസും കുടുംബവും.
നാടിനു പ്രിയങ്കരൻ
അപകടത്തെത്തുടർന്നു ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു. തേവലക്കര പ്രിൻസ് ജ്വല്ലറി ഉടമ കൂടിയാണ് പ്രിൻസ്.
വീട്ടിലേക്കെത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ആണ് പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മിക്കപ്പോഴും ഡ്രൈവറെ വച്ചു യാത്ര ചെയ്യുന്ന പ്രിൻസ് വാഹനത്തിൽ ആൾ കൂടുതലായതുകൊണ്ട് സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മാരാരിത്തോട്ടത്തുള്ള ഓട്ടോറിക്ഷത്തൊഴിലാളികൾക്ക് ഉൾപ്പെടെ ഓണസമ്മാനങ്ങൾ നൽകിയും ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്ന പ്രിൻസിന്റെ വേർപാട് തേവലക്കര ഗ്രാമത്തിനും സുഹൃത്തുക്കൾക്കും ഏറെ നൊമ്പരമായി.
തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനിപ്പള്ളി മാർ ആബോ തീർഥാടനകേന്ദ്ര ഇടവകാംഗവും തേവലക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തരകൻ കുടുംബാംഗങ്ങളുമായ തോമസ് ലൂക്കോസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ് അപകടത്തിൽ മരിച്ച പ്രിൻസ്.