എന്നിട്ടും കലിപ്പ് തീരാതെ; സുജിത്ത് ജീപ്പിൽവച്ചും മർദനത്തിനിരയായി
സ്വന്തം ലേഖകൻ
Friday, September 5, 2025 6:44 AM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴിയിലും മർദിച്ചെന്നു ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ അസി. പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സുജിത്ത് മർദനത്തിനിരയായതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണു വിവരങ്ങൾ.
സുജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും എഫ്ഐആറും പരിശോധിച്ചാണ് ഒരുമാസത്തിനുശേഷം റിപ്പോർട്ട് നൽകിയത്.
സുഹൃത്തൃക്കളായ സനീഷ്, അജിത്ത് എന്നിവരെ സുജിത്തിന്റെ വീടിനടുത്തുള്ള പറന്പിൽവച്ചു പോലീസ് ചോദ്യംചെയ്തതറിഞ്ഞു സ്ഥലത്തെത്തിയപ്പോൾ ഷർട്ട് വലിച്ചുകീറിയെന്നും എസ്ഐയും പോലീസ് ഡ്രൈവർ സുഹൈറും ചേർന്നു മർദിച്ചെന്നും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നുമായിരുന്നു പരാതി.
സുജിത്തിനെ സ്റ്റേഷനിലേക്കു കൊണ്ടുപോകുംവഴി ഒനീറ ജംഗ്ഷനിൽനിന്നു ജീപ്പിൽ കയറിയ എസ്സിപിഒ ശശിധരൻ മർദിക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. സംഭവദിവസം ജിഡി ചുമതലയുണ്ടായിരുന്ന ശശിധരനു പുറത്തുപോകേണ്ട ആവശ്യമില്ല. ഇയാൾ പുറത്തുനിന്നു വരുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനാൽ സ്റ്റേഷനുപുറത്ത് മർദനമുണ്ടായെന്നതു സംഭവിക്കാൻ സാധ്യതയുണ്ട്.
സ്റ്റേഷനുള്ളിൽ എസ്ഐ നുഹ്മാനും സിപിഒമാരായ സജീവും സന്ദീപും മർദിക്കുന്നതു കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്റ്റേഷന്റെ മുകൾനിലയിലേക്കു കൊണ്ടുപോയി വീണ്ടും മർദിച്ചതിനും ചൂരൽകൊണ്ട് അടിച്ചതിനും തെളിവുണ്ട്.
സിസിടിഎൻഎസ് മുറിയിൽ കൊണ്ടുപോയി മർദിച്ചശേഷം സുജിത്തിനെ എസ്സിപിഒ ശശിധരൻ കൊണ്ടുപോകുന്നതും സിപിഒ സന്ദീപ് ചൂരലെടുത്തു പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനാൽ സുജിത്തിന്റെ പരാതി വാസ്തവമാകാൻ സാധ്യതയുണ്ടെന്നും 2023 മേയ് 15ന് അസി. കമ്മീഷണർ കെ.സി. സേതുവിന്റെ റിപ്പോർട്ടിൽ പറയുന്നു.