വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള ഭേദഗതി ബിൽ അടുത്ത മന്ത്രിസഭയിൽ
Thursday, September 4, 2025 2:15 AM IST
തിരുവനന്തപുരം: മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാൻ നിർദേശിക്കുന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത ശേഷം മാറ്റിവച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര നിയമ ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നെങ്കിലും കൂടുതൽ പഠിക്കണമെന്ന മറ്റു മന്ത്രിമാരുടെ നിർദേശത്തെ തുടർന്ന് ഓണത്തിനു ശേഷം സെപ്റ്റംബർ 10നു ചേരുന്ന മന്ത്രിസഭയിൽ ചർച്ച ചെയ്യാമെന്നു പറഞ്ഞു മാറ്റിവയ്ക്കുകയായിരുന്നു.
വരുന്ന 15നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വന്യമൃഗ ആക്രമണം തടയാനുള്ള ഭേദഗതി ബിൽ അവതരിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയും ഇതോടെ ശക്തമായി. 10നു ചേരുന്ന മന്ത്രിസഭ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന്റെ കരടിന് അംഗീകാരം നൽകിയാലും നിയമവകുപ്പ് വീണ്ടും ബിൽ പഠിച്ചു മാറ്റം വരുത്തേണ്ടതുണ്ട്. തുടർന്ന് ബില്ലിന്റെ പരിഭാഷ തയാറാക്കണം. പരിഭാഷ ഉൾപ്പെടെയുള്ള ബില്ലിന്റെ കരട് ഗവർണറുടെ മുൻകൂർ അനുമതിക്കായി നൽകണം.
ഗവർണറുടെ മുൻകൂർ അനുമതി നേടിയാൽ മാത്രമേ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാകൂ. കണ്കറന്റ് ലിസ്റ്റിൽ (സമവർത്തിത്വ പട്ടിക) ഉൾപ്പെട്ട ബില്ലിന്റെ ഭേദഗതിയായതിനാൽ ഗവർണർ കേന്ദ്രത്തിലെ ബന്ധപ്പെട്ട വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസിനായി അയയ്ക്കേണ്ടതുമുണ്ട്.
ബിൽ നിയമസഭ അംഗീകരിച്ചാലും കേന്ദ്ര-സംസ്ഥാന വിഷയമായതിൽ ഗവർണർ വഴി രാഷ്ട്രപതിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
ചന്ദനമരം മുറിക്കാൻ അനുമതി നൽകാനുള്ള നിയമ ഭേദഗതിയും മാറ്റിവച്ചു
തിരുവനന്തപുരം: പട്ടയഭൂമിയിൽ കർഷകൻ നട്ടുപിടിപ്പിച്ച ചന്ദനം മുറിച്ചു വനം വകുപ്പു വഴി വിൽപന നടത്താൻ നിർദേശിക്കുന്ന നിയമഭേദഗതി ബില്ലും അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റി.
രാജകീയ മരങ്ങളുടെ പട്ടികയിൽ പെടുന്ന ചന്ദനമരം മുറിച്ചുമാറ്റാൻ കർഷകനു കഴിയാതെ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭയുടെ അനുമതിക്കായി കൊണ്ടുവന്നത്.