ഓണക്കാലത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ പോലീസ് നിർദേശം
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: ഓണാഘോഷത്തിരക്കിനിടെ സംസ്ഥാനത്ത് വാഹനാപകടം വർധിക്കുന്നതു തടയാൻ വാഹനയാത്രക്കാർക്ക് നിർദേശങ്ങൾ നൽകി കേരള പോലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്.
അമിതവേഗവും അശ്രദ്ധമായ ഓവർടേക്കിംഗ് ഒഴിവാക്കുകയാണ് പ്രധാനം. ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കരുത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായി ധരിക്കണം.
ലെയ്ൻ ട്രാഫിക് നിയമം പാലിക്കുക. നിഷ്കർഷിച്ച സ്ഥലത്ത് മാത്രം പാർക്ക് ചെയ്യുക. കഴിഞ്ഞ വർഷം ഓണക്കാലത്തെ 10 ദിവസം സംസ്ഥാനത്ത് 1629 റോഡപകടം റിപ്പോർട്ട് ചെയ്തു. 161 പേർ മരിക്കുകയും 1261 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.