റെയിൽവേ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ
Thursday, September 4, 2025 2:14 AM IST
പരവൂർ (കൊല്ലം) : റെയില്‍വേ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്മാന് സതീഷ് കുമാര്‍, എസ്ബിഐ ചെയര്മാന് സി.എസ്. സെട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചത്.
എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ ഇനിമുതല്‍ ഒരു കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. റൂപേ ഡെബിറ്റ് കാര്‍ഡുള്ള ജീവനക്കാര്‍ക്ക് വിമാനാപകടങ്ങളില്‍ മരണമുണ്ടായാല്‍ 1.60 കോടി രൂപയുടെയും, സ്ഥിരമായ വൈകല്യത്തിന് ഒരു കോടി രൂപയുടെയും, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയുമുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.
ഇതുകൂടാതെ, എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുകളുള്ള എല്ലാ ജീവനക്കാര്‍ക്കും ഇനി 10 ലക്ഷം രൂപയുടെ സ്വാഭാവിക മരണ ഇന്‍ഷ്വറന്‍സ് ലഭിക്കും. ഇതിന് പ്രീമിയം അടയ്ക്കുകയോ മെഡിക്കല്‍ പരിശോധന നടത്തേണ്ട ആവശ്യമോ ഇല്ല.