തിരുവോണം ബംപർ വില്പന 32 ലക്ഷം കടന്നു
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണു വിറ്റുപോയത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ 28നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.
കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബംപർ ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുക്കുക.