ഭൂപതിവ് ഭേദഗതി: തെരുവിൽ കൊന്പുകോർത്ത് പാർട്ടികൾ
Wednesday, September 3, 2025 2:05 AM IST
കട്ടപ്പന: ഭൂപതിവ് ചട്ട ഭേദഗതിയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് തെരുവിലേക്ക് എത്തുന്നു. ഇന്നു പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും പ്രകടനവുമായി രംഗത്തിറങ്ങി. മന്ത്രിമാരുടെ അടക്കം കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെതിരേ മറുപ്രകടനവുമായി ഭരണപക്ഷവും രംഗത്തുവന്നു.
സർക്കാർ സാധാരണക്കാരെ വഞ്ചിച്ചെന്നു കോൺഗ്രസ്
സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചതായി ആരോപിച്ചു കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചു. എല്ലാ ഭൂവിഷയങ്ങളും പരിഹരിച്ചു എന്ന പ്രചാരണവുമായി രംഗത്തു വന്നിരിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധ പരിപാടി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി തോമസ് രാജൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, ജോയി പോരുന്നോലി, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ബിജു പൊന്നോലി, ഷമേജ് കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭൂനിയമം ഭേദഗതി ചെയ്തത് കോടതിവിധി മറികടക്കാൻ: സിപിഎം
ആറര പതിറ്റാണ്ടായി ജില്ലയില്‍ നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 1960ലെ ഭൂനിയമം ഭേദഗതി ചെയ്തതും നിയമത്തിന് അനുബന്ധമായ പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. ജില്ലയിലെ നിര്‍മാണങ്ങള്‍ 1960ലെ ഭൂനിയമത്തിനും 1964ലെ ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് നടത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് വഴി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിര്‍മാണങ്ങള്‍ മുഴുവന്‍ നിയമവരുദ്ധമാണെന്നും തുടര്‍നിര്‍മാണം പാലില്ലെന്നും കോടതി വിധിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം ജില്ലയ്ക്കു ബാധകമായിരുന്ന വിധി ബൈസണ്വാലിയില്നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് കുഴല്നാടന് വഴി നല്കിയ ഹര്‍ജിയിലൂടെ കേരളത്തിലാകെ ബാധകമാണെന്നും ഹൈക്കോടതി വിധിച്ചു.
65 വര്‍ഷത്തിലധികമായി ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി അവതരിപ്പിച്ച് പാസാക്കിയത്. പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി. നിലവിലുള്ള മുഴുവന്‍ നിര്‍മാണങ്ങളും ക്രമവത്കരിച്ച് നിയമ സാധുത നല്‍കുക എന്നതാണ് ലക്ഷ്യം.
മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടപ്രകാരം നിലവിലുള്ള ചെറുതും വലുതുമായ മുഴുവന്‍ വീടുകള്‍ക്കും ഒരു രൂപ പോലും പിഴയില്ലാതെ നിയമപരമായ സാധൂകരണം ലഭിക്കും. 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധൂകരിക്കപ്പെടും. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്വതന്ത്രമാവും.
3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്കു നാമമാത്ര ഫീസ് മാത്രമാണ് ഈടാക്കുന്നത്. 50,000 ചതുരശ്ര അടിക്കു മുകളിലുള്ള വന്‍കിട കെട്ടിടങ്ങള്‍ക്കു മാത്രമാണ് നിരക്കില്‍ വര്‍ധന. സാധാരണക്കാരായ മുഴുവന്‍ ജനങ്ങളും ചട്ടഭേദഗതിയിലൂടെ സ്വതന്ത്രരാക്കപ്പെടും.
അതേസമയം, വന്‍കിട ബിസിനസ് ലോബിക്കുവേണ്ടി വാദിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പണമുണ്ടാക്കാനുമാണ് കോണ്‍ഗ്രസും മറ്റും ശ്രമിക്കുന്നതെന്നും വർഗീസ് ആരോപിച്ചു. സിപിഎം നേതാക്കളായ എം.ജെ. മാത്യു, വി.ആര്. സജി, മാത്യു ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മന്ത്രി റോഷി അഗസ്റ്റിനെ വേട്ടയാടുന്നതിനെതിരേ മാർച്ച്

ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവന്‍ കര്‍ഷകരെയും സംരക്ഷിച്ച എല്‍ഡിഎഫ് ഗവണ്മെന്റിനെയും അതിനുവേണ്ടി പ്രയത്നിച്ച മന്ത്രി റോഷി അഗസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോന് പൊടിപാറ അധ്യക്ഷത വഹിച്ചു. നിലവിലെ ചട്ടങ്ങള്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഉതക്കുന്നതാണെന്നു മനസിലാക്കിയ കോൺഗ്രസ് ജനശ്രദ്ധ തിരിക്കാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്.
സബ്ജക്ട് കമ്മിറ്റിക്കു പോയിട്ടുള്ള ചട്ട രൂപീകരണത്തിന് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാന്‍ യുഡിഎഫിനു കഴിയാത്തത് അവര്‍ ചട്ടത്തെ അംഗീകരിക്കുന്നതുകൊണ്ടാണെന്ന് അഡ്വ. മനോജ് എം. തോമസ് പറഞ്ഞു.
ഇനിയും തെറ്റിദ്ധരിപ്പിക്കലുകളുമായി പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ജോമോന് പൊടിപാറ പറഞ്ഞു. മാത്യു വാലുമ്മല്‍, ബിജു ഐക്കര, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി, ജോണി ചെമ്പുകട എന്നിവര്‍ പ്രസംഗിച്ചു.