നഗരനയം: അർബൻ കോണ്‍ക്ലേവ് 12നും 13നും
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: വരുന്ന 25 വർഷം മുൻകൂട്ടി കണ്ടു നഗരനയം രൂപീകരിക്കുന്നതിനായി അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും. 12നും 13നുമായി ഹയാത്തിൽ നടക്കുന്ന കോണ്‍ക്ലേവിൽ വിദേശ പ്രതിനിധികൾ അടക്കം പങ്കെടുക്കുമെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
നഗരവത്കരണം വേഗത്തിൽ നടക്കുന്ന സാഹചര്യത്തിൽ 2050 ഓടെ കേരളം ഒറ്റനഗരമായി മാറുമെന്നതു മുൻകൂട്ടി കണ്ടാണ് അർബൻ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നഗരനയ കമ്മീഷൻ സർക്കാരിനു നൽകിയ ശിപാർശകളും കോണ്‍ക്ലേവിൽ ചർച്ചയ്ക്ക് എത്തും. വിദേശ പ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന കോണ്‍ക്ലേവിന് അഞ്ചു കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ മന്ത്രിമാർ, മേയർമാർ, വിദഗ്ധർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നഗരവികസന മന്ത്രിമാർ, മേയർമാർ തുടങ്ങിയ 1000 പ്രതിനിധികൾ കോണ്‍ക്ലേവിൽ പങ്കെടുക്കും.