ഫാമിലെ 500 കോഴികളെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു
Thursday, September 4, 2025 2:14 AM IST
ഭീമനടി (കാസർഗോഡ്): കോഴിഫാമിലെ 500ലേറെ ഇറച്ചിക്കോഴികളെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. മാങ്ങോട് മേമറ്റത്തിൽ ജോണിയുടെ ഫാമിലെ കോഴികളെയാണു കൊന്നൊടുക്കിയത്.
ഫാമിനു ചുറ്റുമുള്ള കമ്പി വല തകർത്താണ് നായകൾ അകത്ത് കയറിയത്. ഓണവിപണി കണക്കാക്കി വില്പനയ്ക്ക് തയാറായ കോഴികളെയാണു തെരുവുനായക്കൂട്ടം കടിച്ചുകൊന്നത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചൊവ്വാഴ്ച രാത്രി കോഴികൾക്ക് തീറ്റയും വെള്ളവും നൽകിയശേഷം ജോണിയും കുടുംബവും യാത്ര പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച.
22 വർഷത്തോളമായി ജോണി കോഴി ഫാം നടത്തി വരികയാണ്. ഇതിനുമുന്പും തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. 2018ൽ ഇതേ ഫാമിൽ തെരുവ് നായ്ക്കൾ കയറി 800 കോഴികളെ കടിച്ചുകൊന്നിരുന്നു.