രണ്ടു മാസം നീണ്ട ഫയൽ അദാലത്തിൽ 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ സെക്രട്ടേറിയറ്റിലും വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിലും മുടങ്ങിക്കിടന്ന തീരുമാനമാകാത്ത ഫയലുകൾ തീർപ്പാക്കാൻ നടത്തിയ ഫയൽ അദാലത്തിൽ 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി.
ഇക്കാലയളവിൽ കുറഞ്ഞത് 60 ശതമാനം ഫയലെങ്കിലും തീർപ്പാക്കാനാണു ലക്ഷ്യമിട്ടിരുന്നതെന്നാണു സർക്കാർ വാദം. 2025 ജൂണ്‍ 30 വരെ തീര്‍പ്പാക്കാത്ത ഫയലുകളാണ് അദാലത്തിൽ പരിഗണിച്ചത്.
സെക്രട്ടേറിയറ്റിൽ 3.05 ലക്ഷം ഫയലുകളാണു തീർപ്പാക്കാനുണ്ടായിരുന്നത്. ഇതിൽ 1.58 ലക്ഷം ഫയൽ തീർപ്പാക്കി (51.82%). വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിലും യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിലും യഥാക്രമം 60.37%, 78.58 ശതമാനം പുരോഗതി കൈവരിച്ചു.
സെക്രട്ടേറിയറ്റിൽ ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കിയത് പ്രവാസികാര്യ വകുപ്പിലാണ് (82.81%). വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയാണ് മുന്നിൽ (93.42%). മലിനീകരണ നിയന്ത്രണ ബോർഡിൽ 92.74% ഫയലുകൾ തീർപ്പാക്കി.
സെക്രട്ടേറിയറ്റിലെ 49 വകുപ്പുകളിലെ 17 എണ്ണവും 87 ഡയറക്ടറേറ്റുകളിൽ 55 എണ്ണവും 60 ശതമാനത്തിലധികം ഫയൽ തീർപ്പാക്കി. 4 സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ 73 ശതമാനത്തിലധികം പുരോഗതി കൈവരിച്ചു.
കോടതി വ്യവഹാരങ്ങൾ, നിയമപരമായ തടസങ്ങൾ, സങ്കീർണമായ മറ്റു വിഷയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകളാണ് നിലവിലുള്ളത്. ഇവയിലും തുടർ നടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
തീര്‍പ്പാക്കാത്ത ഫയലുകൾ പ്രത്യേക വിഭാഗങ്ങളായി തിരിച്ചു മുൻഗണനാ ക്രമം നിശ്ചയിച്ചാണ് തീർപ്പാക്കിയത്. തീർപ്പാക്കലിന്റെ ഭാഗമായി ഫയലുകളുടെ വിശദാംശം, പുരോഗതി, കൃത്യത എന്നിവ ഉറപ്പുവരുത്താനായി പ്രത്യേക പോർട്ടൽ ഒരുക്കിയിരുന്നു. അദാലത്തിന്റെ പുരോഗതി വകുപ്പ് മേധാവികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചീഫ് സെക്രട്ടറിയുടെയും തലത്തിൽ യഥാസമയം വിലയിരുത്തും. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനായിരുന്നു അദാലത്തിന്റെ മേൽനോട്ട ചുമതല.
ഈ സർക്കാരിന്റെ കാലത്ത് 2022ൽ ഫയലുകളിൽ തീരുമാനമെടുക്കാൻ മന്ത്രി- ഉദ്യോഗസ്ഥതലങ്ങളിൽ താലൂക്ക് തലം മുതൽ അദാലത്തു നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയത്തിലും അദാലത്ത് നടത്തിയത്.