കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കുടിശിക: സ്വകാര്യ ആശുപത്രികളെ അനുനയിപ്പിക്കാന്‍ 468 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
Thursday, September 4, 2025 2:14 AM IST
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുക കുടിശിക ആയിരംകോടിയോടടുത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച സാഹചര്യത്തില്‍ കുടിശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 468 കോടി രൂപ അനുവദിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ കാരുണ്യ ആരോഗ്യ സുരക്ഷ (കാസ്പ്)- പിഎംജെഎവൈ പദ്ധതിക്ക് 700 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഇതില്‍നിന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തുക അനുവദിച്ചത്. സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ അക്കൗണ്ടിലേക്കാണു തുക കൈമാറിയത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതികളിലൂടെ ചികിത്സ നല്‍കിയതിന്റെ തുകയാണ് ആശുപത്രികള്‍ക്ക് ലഭിക്കാനുള്ളത്. നാനൂറോളം സ്വകാര്യ ആശുപത്രികളാണു സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിച്ചിരുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണു വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നല്‍കണം. എന്നാല്‍, മാസങ്ങളായി ഈ തുക കുടിശികയാണ്.
കുടിശിക ആയിരംകോടി കവിഞ്ഞതോടെ സംസ്ഥാന വ്യാപകമായി പല സ്വകാര്യ ആശുപത്രികളും ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള ചികിത്സ നിറുത്തിവച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളുടെ തീരുമാനം നിര്‍ധന രോഗികളെ പ്രതികൂലമായി ബാധിച്ചിരുന്നു. 100ലേറെ ആശുപത്രികള്‍ ഇന്‍ഷ്വറന്‍സ് ചികിത്സാ പദ്ധതിയില്‍ നിന്നു പിന്മാറിയിട്ടുണ്ട്.
കുടിശിക പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയില്‍നിന്നു പിന്മാറാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കുടിശികയില്‍ ഒരു വിഹിതംമാത്രം അനുവദിച്ചിരിക്കുന്നത്. ഇതിനു മുമ്പ് പലതവണ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ആശുപത്രികള്‍ അറിയിച്ചിരുന്നു.
ഉടന്‍ കുടിശിക തീര്‍ക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്മേല് തുടര്‍ന്നും പല ആശുപത്രികളും സഹകരിച്ചിരുന്നു. തുടര്‍ന്ന് കുടിശിക ഇനത്തില്‍ തുച്ഛമായ തുക മാത്രമാണു സര്‍ക്കാര്‍ അനുവദിച്ചത്.
ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണു സൗജന്യ ചികിത്സ. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണു നടത്തിപ്പു ചുമതല. 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയം. 18.02 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം പൂര്‍ണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബങ്ങളുടെ വാര്‍ഷിക പ്രീമിയത്തില്‍ 418.80 രൂപ സംസ്ഥാന വിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്.
197 സര്‍ക്കാര്‍ ആശുപത്രികളും നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളും 364 സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ അനുവദിച്ചിരിക്കുന്ന തുക തുച്ഛമായതിനാല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയോടു സഹകരിക്കുമോയെന്ന് ഉറപ്പായിട്ടില്ല. പദ്ധതി നടത്തിപ്പ് സുഗമമാകണെങ്കില് കേന്ദ്രം സഹായിക്കണമെന്നാണു കേരളത്തിന്റെ നിലപാട്.
വര്‍ഷംതോറും ചെലവാകുന്ന മൊത്തം തുകയുടെ 10 ശതമാനം പോലും കേന്ദ്രവിഹിതമായി ലഭിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. കേരള ജനസംഖ്യയുടെ ഏറ്റവും അടിത്തട്ടിലുള്ള 40 ശതമാനം വരുന്ന 42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ അടക്കം ഏകദേശം 64 ലക്ഷം ആളുകളാണ് ചികിത്സാ പദ്ധതിയുടെ ഗുണഭോക്താക്കള്‍.