മുത്തശിയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി ധനകാര്യസ്ഥാപനം വീട് ജപ്തി ചെയ്തു
Wednesday, September 3, 2025 2:05 AM IST
കോലഞ്ചേരി: മുത്തശിയെയും പിഞ്ചുകുഞ്ഞിനെയും വീടിനു പുറത്താക്കി സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തെന്നു പരാതി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. പ്രായമേറിയ അമ്മയെയും ഒരു വയസുള്ള മകനെയും വീട്ടിലാക്കി മലേക്കുരിശ് സ്വദേശിനി സ്വാതി ജോലിക്കു പോയ സമയത്താണ് ധനകാര്യ സ്ഥാപനം അധികൃതർ പോലീസിന്റെ അകമ്പടിയോടെ എത്തി വീട് ജപ്തി ചെയ്തത്.
2019ൽ അഞ്ചു ലക്ഷത്തോളം രൂപ സ്ഥാപനത്തിന്റെ കടവന്ത്ര ശാഖയിൽനിന്ന് സ്വാതി വായ്പയെടുത്തിരുന്നു.ഇതിൽ 3,95,000 രൂപ സ്വാതി തിരിച്ചടച്ചെന്നു പറയുന്നു. എന്നാൽ ബാക്കി തുക അടയ്ക്കാൻ സാധിച്ചില്ല. നിലവിൽ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ധനകാര്യസ്ഥാപനം പറയുന്നത്.
വീട് ജപ്തി ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം നിഷ സജീവൻ സ്ഥാപന അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരം 6.30ഓടെ സ്ഥലത്തെത്തിയ എംഎൽഎ പി.വി. ശ്രീനിജിൻ ധനകാര്യസ്ഥാപനം അധികൃതരുമായി സംസാരിച്ച് തത്കാലത്തേക്ക് വീട് തുറന്നുകൊടുക്കുകയായിരുന്നു. ജപ്തിവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു.