കേരള യൂണിവേഴ്സിറ്റിയിൽ തര്‍ക്കം തീരുന്നു; രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് മിനി കാപ്പനെ മാറ്റി; ആര്. രശ്മിക്കു ചുമതല
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്.
ഡോ. മിനി കാപ്പനു വൈസ് ചാന്‍സലര്‍ നല്കിയ രജിസ്ട്രാര്‍ ഇന്‍ചാര്‍ജിന്റെ ചുമതല ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി. കാര്യവട്ടം കാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ ഡോ. രശ്മിക്കു പകരം ചുമതല നല്കി.
ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, സിന്‍ഡിക്കറ്റ് യോഗത്തിന്റെ തുടക്കത്തില്‍ താത്കാലിക രജിസ്ട്രാര്‍ ഡോ. മിനി കാപ്പന് പങ്കെടുക്കുന്നതില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു.
രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി സിന്‍ഡിക്കേറ്റില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് മറ്റ് അജൻഡകളിലേക്കു കടക്കും മുന്‍പ് മിനി കാപ്പന്റെ നിയമനത്തിലടക്കം ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു.
ഇക്കാര്യത്തില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് ഡോ. മിനി കാപ്പനെ മാറ്റാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. അതേസമയം, രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നലെ ചേര്‍ന്ന യോഗം പരിഗണിച്ചില്ല.
ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കാതിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥി സംബന്ധമായ വിഷയങ്ങള്‍ പരിഗണിക്കുന്നതിലേക്കു യോഗം കടന്നു.
കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കവും അനിശ്ചിതത്വവും മൂലം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട് അടിയന്തരമായി വിനിയോഗിച്ചില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ട്.
പിഎച്ച്ഡി അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി അക്കാദമിക് വിഷയങ്ങളിലെ തീരുമാനവും നീണ്ടുപോകുകയായിരുന്നു.