റബര്‍ വിലയിടിവിനു പിന്നില്‍ ചുങ്കപ്രഹരവും ജിഎസ്ടിയും
Wednesday, September 3, 2025 2:05 AM IST
റെജി ജോസഫ്
കോട്ടയം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചുങ്കപ്രഹരവും ജിഎസ്ടി നിരക്ക് ഇളവും ഒരുപോലെ റബര്‍ കര്‍ഷകര്‍ക്കു വിനയായി. ആഭ്യന്തര വില 190 രൂപയിലേക്ക് ഇടിഞ്ഞ ശേഷവും റബര്‍ ഇറക്കുമതിക്കു കുറവില്ല. ടയര്‍ ഉള്‍പ്പെടെ ഉത്പന്നങ്ങളുടെ കയറ്റുമതി ചുങ്കം ട്രംപ് 50 ശതമാനമാക്കിയതോടെ വ്യവസായികള്‍ ഉത്പാദനം കുറച്ചതും റബര്‍ വാങ്ങാന്‍ മടിച്ചതും വിലയിടിവിനു വേഗം കൂട്ടി.
ശക്തമായ മഴയില്‍ ജൂണിലും ജൂലൈയിലും ഉത്പാദനം നിലച്ചു. കഴിഞ്ഞയാഴ്ച മഴയ്ക്ക് ശമനമുണ്ടായി ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും ആ ചരക്ക് മാര്‍ക്കറ്റില്‍ വന്നുതുടങ്ങിയിട്ടില്ല. ബാങ്കോക്ക് വിലയും ഇവിടത്തെ വിലയും ഏറെക്കുറെ ഒരേ നിരക്കിലാണ്. ട്രംപിന്റെ താരിഫ് ഷോക്ക് ചെറുതല്ലാത്ത പ്രത്യാഘാതമാണ് ഇന്ത്യന്‍ വിപണിയിലുണ്ടാക്കുക.
അമേരിക്ക ഇന്ത്യൻ റബര്‍ ഉത്പന്ന തീരുവ പത്തു ശതമാനമായിരുന്നത് ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കിയതോടെ റബര്‍ വ്യവസായികള്‍ ഉത്പാദനം കുറച്ചു. കണ്ടെയ്നറുകളുടെ നീക്കവും നിലച്ചു. തറയില്‍ വിരിക്കുന്ന മാറ്റുകള്‍, കൈ-കാല് ഉറകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങി റബര്‍ ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് അമേരിക്ക. ഇതു കൂടാതെയാണ് ടയര്‍ കയറ്റുമതി.
സ്വാഭാവിക റബറിന്റെ ആഭ്യന്തരവില ഇടിഞ്ഞ സാഹചര്യത്തിലും വ്യവസായികളുടെ ഇറക്കുമതിക്കു കുറവുവന്നിട്ടില്ല. ജിഎസ്ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റബര്‍ ഉത്പന്നവിലകളില്‍ വലിയ കുറവു വരുത്തും. പുതിയ നിരക്കില്‍ ടയറും വാഹനവും വാങ്ങാന്‍ കാത്തിരിക്കുന്ന ഒട്ടേറെ ഉപയോക്താക്കളുണ്ട്.
അതനുസരിച്ച് വ്യവസായികള്‍ ഉത്പാദനത്തില്‍ കുറവു വരുത്തുകയും ആഭ്യന്തരവിപണിയില്‍ റബര്‍ വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു. നവരാത്രിക്കു മുന്‍പ് ജിഎസ്ടി ഇളവ് നിലവില്‍വരുമെന്നാണു സൂചന.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ നാല്പതിനായിരം ടണ്‍ വീതം സ്വാഭാവിക റബറും 25,000 ടണ്‍ വീതം കോമ്പൗണ്ട് റബറും വ്യവസായികള്‍ ഇറക്കുമതി ചെയ്തു.
നടപ്പു സാമ്പത്തികവര്‍ഷം 2.20 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നപ്പോള്‍ ഇവിടത്തെ റബര്‍ ഉത്പാദനം ഒരു ലക്ഷം ടണ്ണില്‍ താഴെയാണ്. കോമ്പൗണ്ട് റബറിന് പരമാവധി നല്‍കേണ്ട ഇറക്കുമതി തീരുവ അഞ്ചു ശതമാനം മാത്രമാണ്.
കോമ്പൗണ്ട് റബറിന്റെയുള്പ്പെടെ ഇറക്കുമതി നിയന്ത്രിക്കുകയോ തീരുവ ഉയര്‍ത്തുകയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് വാലി അഭിപ്രായപ്പെട്ടു.