കാഞ്ഞിരപ്പള്ളി അമൽജ്യോതിക്ക് വൈഐപി സംസ്ഥാനതല അംഗീകാരം
Thursday, September 4, 2025 2:14 AM IST
കാഞ്ഞിരപ്പള്ളി: യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലെ മികച്ച പ്രോജക്ട് ആയുള്ള സംസ്ഥാനതല ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കുട്ടികൾ ഒരുക്കിയ ലാറ്റക്സ് പ്രോ എന്ന പ്രോജക്ടിന്.
റബർ കൃഷിക്കാർ നേരിടുന്ന തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി റബർ മരങ്ങളിൽ നിന്ന് ശേഖരിച്ച റബർ ലാറ്റക്സ് മതിയായ അളവിൽ വെള്ളവും ആസിഡും ചേർത്ത് കലർത്തി ഷീറ്റുകളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തരത്തിലാണ് ലാറ്റക്സ് പ്രോ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ചെറുകിട കർഷകരെ സഹായിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ലാറ്റക്സ് പ്രോ നിർമിച്ചിരിക്കുന്നത്. അമൽജ്യോതിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായിരുന്ന ആബിദ് ഹബീബ്, ജോയൽ സെബാസ്റ്റ്യൻ, പ്രഫ. എബി വർഗീസ് എന്നിലവരുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്.
വിദ്യാർഥികളെ ചിന്തിപ്പിക്കുകയും നവീകരിപ്പിക്കുകയും സമൂഹത്തിനായി പ്രയോജനകരമായ സംരംഭങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം നടത്തുന്നത്.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. കൊച്ചിൻ ഷിപ്പ്യാർഡ് സ്പോൺസർ ചെയ്ത 50000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
കൊച്ചിൻ ഷിപ്പ്യാർഡ് സിഎസ്ആർ തലവനായ സന്തോഷ് കുമാർ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടത്തപ്പെട്ട സ്കിൽ സമ്മിറ്റിൽ വിജയികൾക്ക് സമ്മാനം നൽകി.