റവ.ഡോ. ആന്റണി കൊള്ളന്നൂർ അന്തരിച്ചു
Sunday, September 7, 2025 1:35 AM IST
തൃശൂർ: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ മുൻ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ (69) അന്തരിച്ചു. സംസ്കാരം ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ നടത്തി.
സംസ്കാരശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കല്യാൺ അതിരൂപത നിയുക്ത ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ കാർമികത്വം വഹിച്ചു. സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
തൃശൂർ അതിരൂപതാംഗമായ ഫാ. ആന്റണി കൊള്ളന്നൂർ 2004 മുതൽ 15 വർഷക്കാലം സീറോമലബാർ സഭയുടെ ആസ്ഥാനത്ത് ചാൻസലറായിരുന്നു. സഭയുടെ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം തൃശൂർ അതിരൂപതയിലും കല്യാണ് രൂപതയിലും ജുഡീഷൽ വികാർ, ചാൻസലർ, ഇടവകവികാരി, ഡയറക്ടർ തുടങ്ങി വിവിധ ശുശ്രൂഷകൾ നിർവഹിച്ചു. കല്യാണ് രൂപതയെ പടുത്തുയർത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.
ആറ്റുപുറം ഇടവക കൊള്ളന്നൂർ തോമസ്-റോസ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: യോഹന്നാൻ, സൈമണ്, പരേതയായ കൊച്ചുമേരി. 1982-ൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. വടക്കാഞ്ചേരി, കൊട്ടേക്കാട് ഇടവകകളിൽ സഹവികാരിയായും വാടാനപ്പിള്ളി, ഏങ്ങണ്ടിയുർ വികാരിയായും സേവനം ചെയ്തു. 1989 മുതൽ 2019 വരെ കല്യാണ് രൂപതാംഗമായി ശുശ്രൂഷചെയ്തു.
കല്യാണ് രൂപതയിൽ കലീന, കുർള, പവായി വികാരിയായും ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സെക്രട്ടറി, രൂപത വൈസ് ചാൻസലർ, രൂപത കോടതി ജഡ്ജ്, ചാൻസലർ, ജുഡീഷൽ വികാർ, പ്രോട്ടോ സിഞ്ചെല്ലൂസ്, രൂപത വൊക്കേഷൻ പ്രമോട്ടർ, മേജർ സെമിനാരി റെക്ടർ, പ്രോജക്ട് ഓഫീസർ, പിആർഒ, യൂത്ത് മിനിസ്ട്രി, കല്യാണ് ലെയ്റ്റി മൂവ്മെന്റ്, എപ്പാർക്കിയൽ കമ്യൂണിക്കേഷൻ എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ മനക്കൊടി സാവിയോ ഹോമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
തൃശൂർ അതിരൂപതയിൽ മെത്രാപ്പോലീത്തൻ കോടതി ജഡ്ജായും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.