വീടിനുള്ളിൽ സ്ഫോടനം: രണ്ടു പേർക്ക് പരിക്ക്
Friday, September 5, 2025 7:10 AM IST
ചിറ്റൂർ (പാലക്കാട്): പുതുനഗരത്ത് വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടി രണ്ടുപേര്‍ക്കു പരിക്ക്. മാങ്ങോട് ലക്ഷംവീട് നഗറിലെ ഷെരീഫ് (30), സഹോദരി ഷഹാന (24) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
പരിക്കേറ്റ ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോംബ് സ്ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ പൊട്ടിത്തെറിച്ചതു പന്നിപ്പടക്കമാണെന്നു കണ്ടെത്തി. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പരിക്കേറ്റ ഷെരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ എസ്ഡിപിഐക്കെതിരേ ബിജെപി രംഗത്തെത്തി.
പൊട്ടിത്തെറിച്ചതു ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐയാണെന്നുമാണ് ബിജെപിയുടെ ആരോപണം. അപകടത്തില്‍ പരിക്കേറ്റ ഷെരീഫും പൊട്ടിത്തെറി നടന്ന ബന്ധുവീട്ടിലുള്ളവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.