മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്
Tuesday, September 9, 2025 1:23 AM IST
കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകള്‍ക്കായുള്ള കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (റ്റിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിനു തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കും.
വൈകുന്നേരം 4.30നാണു ശുശ്രൂഷകള്‍ ആരംഭിക്കുന്നതെന്നു കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി) സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഷഹില അറിയിച്ചു.
മലേഷ്യയിലെ പെനാങ്ങ് രൂപത മെത്രാന് കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ആഘോഷമായ സമൂഹ ദിവ്യബലിമധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.
ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ഡ് ജിറേല്ലി, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആഗോള കര്‍മലീത്ത സഭയുടെ ജനറാള്‍ ഫാ. മിഗുവേല്‍ മാര്‍ക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ.മാര്‍ക്കോ ചീസ, ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള മെത്രാന്മാര്, വൈദികര്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
1913 ജൂലൈ 18ന് അന്തരിച്ച മദര്‍ എലീശ്വയെ 2008 മാര്‍ച്ച് ആറിനു ദൈവദാസിയായും 2023 നവംബര്‍ എട്ടിനു ധന്യയായും പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ടവളായുള്ള പ്രഖ്യാപനം സഭയില്‍ മദര്‍ ഏലീശ്വയുടെ പ്രാദേശിക വണക്കത്തിനുള്ള അനുമതികൂടിയാണ്.