രാജ്യത്തെ ആദ്യ നഗരനയം രൂപീകരിക്കാന്‍ കേരളം
Tuesday, September 9, 2025 1:23 AM IST
കൊച്ചി: രാജ്യത്തെ ആദ്യ നഗരനയം രൂപീകരിക്കാന്‍ കേരളം ഒരുങ്ങി. 12, 13 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന -കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025-ല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്തെ നഗരവത്കരണവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അര്‍ബന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുക. തുടർന്ന് നഗരനയം രൂപീകരിക്കും.
12നു രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
കേന്ദ്ര ഭവനനിര്‍മാണ നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യാതിഥിയാകും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള അടിസ്ഥാനസൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്ട്ടിന് മെയര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അന്തര്‍ദേശീയ പ്രതിനിധികള്‍, ദേശീയ നയരൂപകര്, അക്കാഡേമിക് വിദഗ്ധര്‍, വ്യവസായീ നേതാക്കള്‍, എന്‍ജിഒകള്‍, യുവജനങ്ങള്‍ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിനു രൂപം നല്‍കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ശാസ്ത്രീയമായ നഗരനയം രൂപീകരിക്കുന്നതിനായി പരിഗണനാ വിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഈ 10 മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ അര്‍ബന്‍ കോണ്‍ക്ലേവില്‍ നടക്കും.
13ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പ് മുഖ്യാതിഥിയാകും. കോണ്‍ക്ലേവിനോടനുബന്ധിച്ച് 11 മുതല്‍ 15 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ വിപുലമായ പ്രദര്‍ശനവും നടക്കും.