ബിഹാർ ബീഡി: ബൽറാമിനു പങ്കില്ലെന്ന് സണ്ണി ജോസഫ്
Tuesday, September 9, 2025 1:23 AM IST
കണ്ണൂർ: ബിഹാർ വിവാദ പോസ്റ്റിൽ വി.ടി. ബൽറാമിനു പങ്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ.
ബിഹാറുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ വി.ടി. ബൽറാമും പാർട്ടി നേതൃത്വവും പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന ടീമിനെ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇതിനെ ചില മാധ്യമങ്ങൾ വി.ടി. ബൽറാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്.
ബൽറാമിനെപ്പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
വിവാദ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ബൽറാം രാജിവയ്ക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണെന്നും സണ്ണി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.