ഗാസ പിടിക്കാൻ റിസർവ് സൈനികരും
Wednesday, September 3, 2025 2:45 AM IST
ഗാസ: ഗാസ സിറ്റി പിടിക്കാൻ റിസർവ് സൈനികരെ അണിനിരത്തിത്തുടങ്ങി. ഇന്നലെ മുതൽ ആയിരത്തിലേറെ റിസർവ് സൈനികരെയാണ് ഗാസയിൽ വിന്യസിച്ചിരിക്കുന്നത്. 60,000 റിസർവ് സൈനികരെയാണ് അന്തിമയുദ്ധത്തിനായി വിളിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തോളം സൈനികർ യുദ്ധമുഖത്തുണ്ട്.
കഴിഞ്ഞ മാസം ആദ്യം കര, വ്യോമ സേനകൾ സിതോണും ഷിജയ്യയും ആക്രമിച്ചാണ് ഗാസ പൂർണമായും പിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഗാസ സിറ്റിയിലെ ഏറ്റവും വലിയ പ്രദേശമായ സീതോൺ, മാർക്കറ്റുകളും സ്കൂളുകളും ക്ലിനിക്കുകളുമായി സജീവമായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഇസ്രയേൽ നടത്തിവന്ന ആക്രമണത്തിൽ പ്രദേശം കൽക്കൂമ്പാരമായി മാറിയിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയ, സൈനിക ശക്തികേന്ദ്രമാണു ഗാസ സിറ്റി. ഇപ്പോഴും ഇവിടെ തുരങ്കശൃഗംലയുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്.
യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും ഇരട്ടദുരിതം നേരിടുന്ന ലക്ഷക്കണക്കിനു സിവിലിയന്മാർ അഭയം തേടിയിരിക്കുന്ന വടക്കൻ സ്ട്രിപ്പിലെ അവസാന അഭയകേന്ദ്രങ്ങളിൽ ഒന്നാണിത്.
ഗാസയിൽ പട്ടിണിമരണങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 185 പേരാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിൽ ആകെ 63,557 പലസ്തീനികൾ കൊല്ലപ്പെട്ടു.
1,60,660 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം പറയുന്നു. മരിച്ചവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്.