തീരുവ ഈടാക്കാതിരുന്നതു വിഡ്ഢിത്തമെന്ന് ട്രംപ്
Thursday, September 4, 2025 2:35 AM IST
ന്യുയോർക്ക്: ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നവെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യ കാലങ്ങളായി യുഎസില്‍നിന്ന് വന്‍ തീരുവ ഈടാക്കിയതിൽ ഏറെ വർഷങ്ങളായി ഒരു പക്ഷത്തിനു മാത്രം ഗുണമുള്ള ബന്ധമായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. ഇപ്പോൾ അതിനു മാറ്റം വന്നു.
യുഎസിൽനിന്ന് കൂടുതൽ തീരുവ ഈടാക്കിയിരുന്നതിനാല്‍ ഇന്ത്യക്ക് നല്ല വ്യാപാരം ലഭിച്ചു. തിരിച്ച് വന്‍ തീരുവ യുഎസ് ഈടാക്കാതിരുന്നത് വിഡ്ഢിത്തം നിറഞ്ഞ സമീപനമായിരുന്നു - വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കുമേല്‍ അടുത്തിടെ ചുമത്തിയ വന്‍ തീരുവയില്‍ ഇളവുണ്ടാവുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉയര്‍ന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെകാര്യം ട്രംപ് എടുത്തുപറഞ്ഞു.
200 ശതമാനം തീരുവ ചുമത്തിയിരുന്നതിനാല്‍ ബൈക്കുകള്‍ ഇന്ത്യയില്‍ വില്ക്കാന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ കമ്പനിക്ക് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. ഇപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന തീരുവ നല്‍കേണ്ടിവരുന്നില്ല-യുഎസ് പ്രസിഡന്റ് പറഞ്ഞു.
തീരുവകളിലൂടെ യുഎസിനെ ഇന്ത്യ കൊല്ലുന്നു
ന്യൂയോർക്ക്/വാഷിംഗ്ടൺ: തീരുവകളിലൂടെ യുഎസിനെ കൊല്ലുന്ന ഇന്ത്യ ഇപ്പോൾ തീരുവ വേണ്ടെന്ന വാഗ്ദാനം നൽകുകയാണെന്നു ട്രംപ്. വ്യാപാരതീരുവ സംബന്ധിച്ച് ഇന്ത്യയുമായുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ സ്കോട്ട് ജന്നിംഗ്സ് റേഡിയോ ഷോയിയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
""അവർക്കെല്ലാം ഞങ്ങൾക്കെതിരേ തീരുവ ഉണ്ട്. തീരുവകളിലൂടെ ചൈനയും ഇന്ത്യയും ബ്രസീലും ഞങ്ങളെ കൊല്ലുകയാണ്. തീരുവകളെക്കുറിച്ച് മറ്റു രാജ്യങ്ങളേക്കാൾ കൂടുതലായി എനിക്കറിയാം. ലോകത്തെ ഏതൊരാളേക്കാളും മെച്ചപ്പെട്ട രീതിയിൽ തീരുവകളെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. ഇപ്പോൾ എന്റെ തീരുവ ഉപയോഗിച്ച് അവരെല്ലാം അത് അവസാനിപ്പിക്കുകയാണ്.
ഏറ്റവുംകൂടുതൽ തീരുവ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. അവരിപ്പോൾ ഒരു തരത്തിലുള്ള തീരുവയും വേണ്ടെന്ന് വാഗ്ദാനം ചെയ്യുന്നു. ഞാൻ തീരുവ ഈടാക്കിയിരുന്നില്ല എങ്കിൽ അവർ ആ സൗജന്യത്തിനു തയാറാവില്ലായിരുന്നു. അതുകൊണ്ട് നമുക്കു തീരുവ വേണം. സാന്പത്തികമായി നമ്മൾ ശക്തമാകാൻ പോവുകയാണ്’’-ട്രംപ് കൂട്ടിച്ചേർത്തു.
മറ്റു രാജ്യങ്ങൾക്കെതിരേ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച തീരുവകൾ നിയമവിരുദ്ധമാണെന്ന കോടതിവിധികളെക്കുറിച്ചുള്ള ചോദ്യത്തിന് കോടതിയിലെ കേസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് മറ്റു രാജ്യങ്ങളാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇനി ഇക്കാര്യത്തിൽ അവർ മുതലെടുക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.