ധനകാര്യ ഓഹരികളിൽ വിദേശനിക്ഷേപകരുടെ പിൻവലിക്കൽ
Friday, September 5, 2025 2:18 AM IST
മുംബൈ: മുംബൈ: ഇന്ത്യൻ ധനകാര്യ ഓഹരികളിൽനിന്ന് വിദേശ നിക്ഷേപകർ (എഫ്പിഐകൾ) ഓഗസ്റ്റിൽ 2329 കോടി രൂപ (2.7 ബില്യണ്‍ ഡോളർ) പിൻവലിച്ചു. ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റഴിക്കലാണിതെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണ്‍ പാദത്തിൽ പോളിസി നിരക്ക് കുത്തനെ കുറച്ചതും ഉപഭോക്തൃ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, മൈക്രോഫിനാൻസ് എന്നിവയിലെ വർധിച്ചുവരുന്ന സമ്മർദവും മൂലം വായ്പാദാതാക്കളുടെ മാർജിൻ ദുർബലമായതാണ് വിൽപ്പനയ്ക്ക് കാരണമായത്. ഓഗസ്റ്റ് മാസം ഫിനാൻഷൽ സർവീസ് സൂചിക 4.1 ശതമാനമാണ് ഇടിഞ്ഞത്. ഇത് നിഫ്റ്റി സൂചികയെ 1.4 ശതമാനം താഴ്ത്തി.
ഐടി മേഖലയിൽ നിന്ന് എഫ്പിഐകൾ 11290 കോടി രൂപയുടെയും ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽനിന്ന് 6100 കോടി രൂപയുടെയും ഓഹരികൾ വിറ്റഴിച്ചു. ഇതിനു വിപരീതമായി, മൊബൈൽ താരിഫ് വർധനവിന് ശേഷം മെച്ചപ്പെട്ട വരുമാന ദൃശ്യത കാരണം ടെലികോം മേഖലയിൽ വിദേശ നിക്ഷേപം വർധിച്ചു. കൂടാതെ കണ്‍സ്ട്രക്ഷൻ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, സേവനങ്ങൾ എന്നിവയെയും വിദേശ നിക്ഷേപം ആകർഷിച്ചു.
ഓഗസ്റ്റിൽ 3.99 ബില്യണ്‍ ഡോളർ വിറ്റു
ഓഗസ്റ്റിൽ മൊത്തത്തിൽ എഫ്പിഐകൾ 3.99 ബില്യണ്‍ ഡോളറിന്റെ ഓഹരികൾ വിറ്റു. ഇതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആകെ 6.02 ബില്യണ്‍ ഡോളറിന്റെ ഓഹരി വിൽപ്പനകൾ നടന്നു. ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് 50 ശതമാനം അധിക തീരുവ ചുമത്തിയത് ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനു കാരണമാക്കി. ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ചയിൽ 2.40 ബില്യണ്‍ ഡോളറും രണ്ടാമത്തെ രണ്ടാഴ്ചയിൽ 1.59 ബില്യണ്‍ ഡോളറും വിറ്റു.
സെപ്റ്റംബറിലും വിദേശ നിക്ഷേപകർ വിൽപ്പനക്കാരായി തുടരുകയാണ്. മൂന്നു സെഷനിലായി ആകെ 1.4 ബില്യണ്‍ ഡോളറിന്റെ ഓഹരികൾ വിറ്റു.
കേന്ദ്ര സർക്കാർ ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്ക് കുറച്ചത് ജനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുകയും ഇതിനൊപ്പം വിദേശ നിക്ഷേപരുടെ പിൻവാങ്ങൽ കുറയ്ക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.