വിപണിയിൽ ഇടിവ്
Tuesday, September 2, 2025 10:30 PM IST
മുംബൈ: തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷം ആഴ്ചയുടെ ആദ്യം മുന്നേറിയ ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടാം ദിനം താഴ്ന്നു.
ഇന്നലെ തുടക്കത്തിലെ ഉയർച്ചയ്ക്കുശേഷം അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു മാറിയതോടെയാണ് സൂചികകൾ താഴ്ന്നത്. ഇന്ത്യ-യുഎസ് ബന്ധം വഷളായതും ദുർബലമായ ആഗോള സൂചനകളും വിപണിക്ക് തിരിച്ചടിയായി.
ഇന്നും നാളെയുമായി നടക്കുന്ന ജിഎസ്ടി കൗണ്‍സിൽ മീറ്റിംഗിലാണ് ഏവരുടെയും കണ്ണുകൾ. ബാങ്കിംഗ്, ഫിനാൻഷ്യൽ, ഓട്ടോമൊബൈൽ ഓഹരികളിലാണ് ലാഭമെടുപ്പ് നടന്നത്. 600 പോയിന്റ് ഉയർന്നു നിന്നശേഷമാണ് സെൻസെക്സിൽ ഇടിവുണ്ടായത്.
ഇന്നലെ 206.61 പോയിന്റ് താഴ്ന്ന് 80157.88ലും നിഫ്റ്റി 45.45 പോയിന്റ് നഷ്ടത്തിൽ 24,579.60ലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 80761 പോയിന്റും നിഫ്റ്റി 24,756 പോയിന്റും ഉയർന്നിരുന്നു.
നിഫ്റ്റി മിഡ്ക്യാപ് 0.57 ശതമാനവും സ്മോൾ-ക്യാപ് 0.39 ശതമാനവും നഷ്ടത്തിലായി.നിഫ്റ്റി റിയൽറ്റി 1.33 ശതമാനത്തിന്റെയും ഓയിൽ ആൻഡ് ഗ്യാസ് 1.01 ശതമാനവും ഓട്ടോ സൂചിക 0.88 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി എഫ്എംസിജി 0.95 ശതമാനം നേട്ടത്തോടെ മുന്നിലെത്തി, നിഫ്റ്റി മീഡിയ 0.35 ശതമാനം നേട്ടമുണ്ടാക്കി.