കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് സെമിയില്‍
Wednesday, September 3, 2025 2:45 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: കൊച്ചി പഴയ കൊച്ചിയല്ല മക്കളേ... കാര്യവട്ടത്തെ കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി വൈബാണ്... കഴിഞ്ഞ സീസണില്‍ കാര്യവട്ടത്ത് ഒരു വിജയത്തിനായി ഏറെ കാത്തിരിക്കേണ്ടി വന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇത്തവണ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായി പൊളിപ്പറവകളായി...
ആക്രമണ ക്രിക്കറ്റിലൂടെ എതിരാളികള്‍ക്കു മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച് കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഏഴാം വിജയം സ്വന്തമാക്കി കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയും സെമി ഉറപ്പിക്കുകയും ചെയ്തു. ഇന്നലെ നടന്ന പോരാട്ടത്തില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണിത്.
29 പന്തില്‍ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 45 റണ്‍സെടുത്ത കൊച്ചിയുടെ ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 20 ഓവറില്‍ 165/7. കൊച്ചി ബ്ല്യൂ ടൈഗേഴ്്സ് 19.3 ഓവറില്‍ 167/7.
കൂട്ടുത്തരവാദിത്വം
ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കട്ടിനെ ബാറ്റിംഗിന് അയച്ചു. രോഹന് കുന്നമ്മലും (13 പന്തില്‍ 36) അമീര്‍ഷായും (16 പന്തില്‍ 28) ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് നാല് ഓവറിനുള്ളില്‍ സ്കോര്‍ 50 കടത്തി.
സ്കോര്‍ 64ല്‍ എത്തിയപ്പോള്‍ അഞ്ചാം ഓവറിലെ നാലം പന്തില്‍ അമീര്‍ഷായുടെ വിക്കറ്റ് കാലിക്കട്ടിന് നഷ്ടമായി. ഒരു തകര്‍ച്ചയുടെ തുടക്കമായിരുന്നു അത്. ഇതേ സ്കോറില്‍ത്തന്നെ രണ്ടു വിക്കറ്റുകൂടി വീണു. ആറാം ഓവറിലെ ആദ്യ പന്തില്‍ രോഹന് കുന്നുമ്മലും രണ്ടാം പന്തില്‍ അഖില്‍ സ്കറിയയും (0) പുറത്ത്.
അഞ്ചാം വിക്കറ്റില്‍ അജ്നാസും (30 പന്തില്‍ 22) അന്‍ഫലും (30 പന്തില്‍ 38) ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കാലിക്കട്ടിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. സച്ചിന് സുരേഷ് 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. കൊച്ചിക്കു വേണ്ടി പി.എസ്. ജെറിനും പി.കെ. മിഥുനും ജോബിന് ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍പ്പന്‍ തിരിച്ചടി
166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ക്രീസിലെത്തിയ കൊച്ചിയുടെ വിനൂപ് മനോഹരന് (14 പന്തില്‍ 30), എ. ജിഷ്ണു (29 പന്തില്‍ 45) ഓപ്പണിംഗ് കൂട്ടുകെട്ട് 31 റണ്‍സ് എടുത്തശേഷമാണ് പിരിഞ്ഞത്. വിനൂപിനെ ഇബ്നുള്‍ അഫ്താഫ് അഖില്‍ സ്കറിയയുടെ കൈകളിലെത്തിച്ചു. എ. ജിഷ്ണുവിന്റെ വേഗത്തിലുളള സ്കോറിംഗ് 11 ഓവറില്‍ കൊച്ചിയെ 100 കടത്തി. ജിഷ്ണുവിനെ മിഥുന്റെ പന്തില്‍ അജിത് രാജ് പിടിച്ച് പുറത്താക്കി.
18-ാം ഓവറില്‍ പി.കെ. മിഥുന്റെയും (12) ആല്‍ഫി ഫ്രാന്‍സിസിന്റെയും (0) വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ സാലി സാംസനും (16 പന്തില്‍ 22 നോട്ടൗട്ട്) ജോബിന് ജോബിയും (അഞ്ചു പന്തില്‍ 12 നോട്ടൗട്ട്) ചേര്‍ന്ന് 19.3-ാം ഓവറില്‍ കൊച്ചിയെ ജയത്തിലെത്തിച്ചു.