കാലിക്കട്ട് x ഹൈദരാബാദ് ഉദ്ഘാടനം
Wednesday, September 3, 2025 2:45 AM IST
കോട്ടയം: ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന 2025 സീസണ് പ്രൈം വോളിബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കട്ട് ഹീറോസും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും ഏറ്റുമുട്ടും.
ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 26 വരെയാണ് മത്സരങ്ങള്‍. ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം 6.30നാണ് ഉദ്ഘാടന മത്സരം.
ഒക്ടോബര്‍ മൂന്ന് രാത്രി 8.30നാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം, എതിരാളികള്‍ ചെന്നൈ ബ്ലിറ്റ്സ്. ഒക്ടോബര്‍ 19ന് രാത്രി 8.30ന് കാലിക്കട്ടും കൊച്ചിയും തമ്മിലുള്ള കേരള ഡെര്‍ബി അരങ്ങേറും. ഫൈനല്‍ ഉള്‍പ്പെടെ ആകെ 38 മത്സരങ്ങളാണ് ഈ സീസണിലുള്ളത്.
ഗോവ ഗാര്‍ഡിയന്‍സ് എന്ന പുതിയ ടീം കൂടി ചേര്‍ന്നതോടെ ലീഗില്‍ ആകെ ടീമുകളുടെ എണ്ണം പത്തായി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സീസണ് കൂടിയാണിത്. ടീമുകളെ അഞ്ചു വീതമുള്ള രണ്ട് പൂളുകളായി തരംതിരിച്ചിട്ടുണ്ട്. ലീഗ് ഘട്ടത്തില്‍ ഓരോ ടീമും സ്വന്തം പൂളിലെ നാല് ടീമുകളുമായും എതിര് പൂളിലെ മൂന്ന് ടീമുകളുമായും ഏറ്റുമുട്ടും.