സൗഹൃദം ദൃഢമാക്കി റഷ്യയും ചൈനയും
Wednesday, September 3, 2025 2:45 AM IST
ബെയ്ജിംഗ്: അമേരിക്കൻ തീരുവഭീഷണിക്കിടെ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി റഷ്യ-ചൈന ബന്ധം കൂടുതൽ ദൃഢമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി. പഴയ സുഹൃത്തുക്കളെന്നാണ് ഇരുനേതാക്കളും തങ്ങളുടെ ബന്ധത്തെ വിശേഷിച്ചത്. യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് റഷ്യ-ചൈന ബന്ധം കൂടുതൽ ശക്തമായിരുന്നു.
കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റിനെ പ്രിയസുഹൃത്തെന്ന് അഭിസംബോധന ചെയ്ത പുടിൻ, മോസ്കോയും ബെയ്ജിംഗുമായുള്ള ബന്ധം ഉയർന്ന തലത്തിലാണെന്നു പറയുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ ചൈന ജപ്പാനെ പരാജയപ്പെടുത്തിയതിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായ സൈനികപരേഡിൽ പുടിൻ പങ്കെടുക്കും.
ലോകയുദ്ധത്തിൽ ചൈനയെ സൈനികമായി പിന്തുണച്ചതിനെ ഓർമപ്പെടുത്തി അന്നും ഇന്നും നമ്മൾ സുഹൃത്തുക്കളാണെന്നു പുടിൻ പറഞ്ഞു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും പുടിനുമായുള്ള കൂടിക്കാഴ്ചകളിലും, കൂടുതൽ നീതിയുക്തവും തുല്യവുമായ ആഗോളഭരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്ന് ഷി നിർദേശിച്ചു.
ഈ മാസം അവസാനത്തോടെ റഷ്യൻ പൗരന്മാർക്കു വീസയില്ലാതെ 30 ദിവസം രാജ്യത്തേക്ക് പ്രവേശനം നൽകുമെന്ന് ചർച്ചകൾക്കു ശേഷം ചൈന പ്രഖ്യാപിച്ചു. ചൈനയിലേക്കു മറ്റൊരു പ്രകൃതിവാതക പൈപ്പ്ലൈൻ നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി ഗാസ്പ്രോം സിഇഒ അലക്സി മില്ലർ ബെയ്ജിംഗിൽ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ചയിൽ റഷ്യയും ചൈനയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
കാർഷിക, ഊർജ മേഖലകളിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിന്റെ ഭാഗമായി, റൂബിളിലും യുവാനിലുമുള്ള വ്യാപാരം വർധിപ്പിക്കാനും ധാരണയായി.
ഉച്ചകോടിക്കിടെ, പുടിനും ഷിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇരു നേതാക്കളുമായും വെവ്വേറെ ചർച്ചകൾ നടത്തി. അമേരിക്കയുടെ തീരുവഭീഷണി ചൈനയും റഷ്യയുമായി ഇന്ത്യയെ കൂടുതൽ അടുപ്പിക്കുകയാണ്.