പൊതുവായ സമയപരിധി നിശ്ചയിക്കാനാകില്ല; രാഷ്ട്രപതി പരാമർശത്തിൽ വാക്കാൽ സുപ്രീംകോടതി
Wednesday, September 3, 2025 2:06 AM IST
സനു സിറിയക്
ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ കാലതാമസം വരുത്തുന്ന ചില സന്ദർഭങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരം പ്രവർത്തിക്കാൻ പൊതുവായ സമയപരിധി നിശ്ചയിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നു വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്.
ഏതെങ്കിലും ബില്ലുകളിൽ തീരുമാനമെടുക്കാൻ കാലതാമസം നേരിട്ടാൽ അത്തരം സന്ദർഭങ്ങളിൽ കോടതിയെ സമീപിക്കാം. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കാൻ കോടതിക്കു നിർദേശിക്കാം. എന്നാൽ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും നടപടിക്ക് പൊതുവായ ഒരു സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി. നിയസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരമാണു ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പറയുന്നത്.
ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാൻ സാധിക്കുമോ എന്നതുൾപ്പെടെ രാഷ്ട്രപതി സമർപ്പിച്ച പരാമർശം പരിശോധിക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ബില്ലിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഭരണഘടനയിൽത്തന്നെ ഒരു അയവ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 എന്നിവ ഒരു സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ കോടതി ഒരു സമയപരിധി തീരുമാനിക്കുന്നത് ഭരണഘടനാ ഭേദഗതിക്കു തുല്യമാണെന്നും ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളിൽ ഒരാളായ ജസ്റ്റീസ് വിക്രംനാഥ് നിരീക്ഷിച്ചു.
ബില്ലിൽ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവുള്ള സാഹചര്യത്തിൽ ഗവർണറോ രാഷ്ട്രപതിയോ ബില്ലിൽ തീരുമാനമെടുത്തില്ലെങ്കിൽ അവരെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കാൻ സാധിക്കുമോയെന്നും കക്ഷികളോടു കോടതി ചോദിച്ചു.
അയോഗ്യതാ ഹർജികളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ തെലുങ്കാന സ്പീക്കറോടു നിർദേശിച്ച ചീഫ് ജസ്റ്റീസ് ഗവായിയുടെ മുൻ ഉത്തരവ് വാദത്തിനിടയിൽ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരോടു തീരുമാനമെടുക്കാനല്ല കോടതി നിർദേശിച്ചതെന്നും ഇത്തരം സാഹചര്യത്തിൽ അതത് കേസിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണു നിർദേശിക്കുകയെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ചില സന്ദർഭങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവായ സമയപരിധി എങ്ങനെ നിശ്ചയിക്കാനാകുമെന്നും ബെഞ്ച് ചോദിച്ചു. ഗവർണർമാർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ആവർത്തിച്ചുള്ള സംഭവങ്ങൾ കണക്കിലെടുക്കുന്പോൾ സമയപരിധി ആവശ്യമാണെന്നാണു ഹർജിക്കാരുടെ വാദം.
എന്നാൽ, വ്യത്യസ്ത കേസുകളിൽ ഒരേ സമീപനം സാധിക്കില്ലെന്നാണു ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്. ആറാം ദിവസമാണു രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
വിഷയത്തിൽ ഇന്നും വാദം തുടരും. വിഷയത്തിൽ കേന്ദ്രസർക്കാർ വാദം പൂർത്തിയാക്കിയിരുന്നു. സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ലെന്ന നിലപാടാണു കേന്ദ്രം സുപ്രീംകോടതിയിൽ സ്വീകരിച്ചത്.