വിസി നിയമന പ്രക്രിയ: മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയെ സമീപിച്ചു.
യുജിസി ചട്ടപ്രകാരം വൈസ് ചാൻസലർമാരുടെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കും വഹിക്കാൻ കഴിയില്ലെന്നു ഗവർണർ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കി.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കാളിത്തം ഉറപ്പാക്കിയ സുപ്രീംകോടതി മുൻ ഉത്തരവിൽ ഭേദഗതി വേണമെന്നാണ് ഗവർണറുടെ ആവശ്യം. കേസിൽ യുജിസിയെ കക്ഷിചേർക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
യുജിസി നിർദേശിക്കുന്നയാളെ സെർച്ച് കമ്മിറ്റിയിൽ അംഗമാക്കണമെന്ന ആവശ്യവും ഗവർണർ ഉന്നയിച്ചു.
സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ ചാൻസലർക്കു മുന്നിൽ വയ്ക്കണമെന്നാണു ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇതിൽ സംസ്ഥാനത്തിനോ മുഖ്യമന്ത്രിക്കോ പങ്കില്ല.
ചട്ടപ്രകാരം സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പട്ടികയിൽനിന്നു വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ ചാൻസലർക്ക് പ്രത്യേക അധികാരമുണ്ട്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് അനുയോജ്യമെന്നു സെർച്ച് കമ്മിറ്റി കരുതുന്ന പേരുകൾ ഗവർണർക്കു മുന്നിൽ വയ്ക്കണമെന്നും അന്തിമതീരുമാനം ഗവർണറുടെ വിവേചനാധികാരത്തിനു വിടണമെന്നുമാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. വിസി നിയമനത്തിന് 2018ലെ യുജിസി ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സുപ്രീംകോടതി മുൻ ഉത്തരവും ഗവർണർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കു കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ മാസം 18ന് ഉത്തരവിട്ടത്.
സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടികയിൽനിന്നു മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി നിർദേശിക്കുന്ന പേരുകൂടി കണക്കിലെടുത്ത് വൈസ് ചാൻസലറെ ഗവർണർക്കു നിയമിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവിൽ വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ പ്രാതിനിധ്യമാണു ഗവർണർ ചോദ്യം ചെയ്തത്. സുപ്രീംകോടതി മുൻ ജസ്റ്റീസ് സുധാൻഷു ധൂലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റിയെയും കോടതി നിയമിച്ചിരുന്നു.