കോണ്‍ഗ്രസും ആർജെഡിയും അമ്മയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി മോദി
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: രാഷ്ട്രീയമായി ഒരു ബന്ധവുമില്ലെങ്കിലും മരിച്ചുപോയ തന്റെ അമ്മയെ കോണ്‍ഗ്രസും ആർജെഡിയും അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോണ്‍ഗ്രസും ആർജെഡിയും അപമാനിച്ചതു രാജ്യത്തെ മുഴുവൻ സ്ത്രീകളെയുമാണ്. ഇത്തരക്കാർ രാജ്യം ഭരിക്കുന്പോൾ സ്ത്രീസുരക്ഷ വാക്കിൽ മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ വോട്ട് അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരേ ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നടത്തിയ പരാമർശങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി.
""അധിക്ഷേപ പരാമർശം എന്നെയും ബിഹാറിലെ ജനങ്ങളെയും വേദനിപ്പിച്ചു. മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്തു തെറ്റാണ് അവർ ചെയ്തത്.
കുടുംബാധിപത്യത്തിൽ നടക്കുന്ന പലർക്കും പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകുന്നില്ല’’- മോദി പറഞ്ഞു. ബിഹാറിലെ സ്വയംസഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഗ്രാമീണ സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം വെർച്വലായി ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.