വിദ്യാഭ്യാസ അവകാശ നിയമം; ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള ഇളവിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ലെന്ന 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി.
മുൻ ഉത്തരവ് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാതലിനു പ്രഹരമേൽപ്പിക്കുമെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിഷയം വിശാലബെഞ്ച് പരിഗണിക്കണോയെന്നു പരിശോധിക്കാൻ ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളെ നിയമപരിധിക്കുപുറത്തു നിർത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തെ ബാധിക്കുമെന്ന നിരീക്ഷണവും രണ്ടംഗ ബെഞ്ച് നടത്തി.
വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ഭരണഘടനാപരമായ അവകാശം ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുണ്ട്. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങൾ മറികടക്കാനുള്ള ഉപാധിയായാണ് ഇതിനെ കാണുന്നതെന്നും കോടതി വിലയിരുത്തി.
ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് വിദ്യാഭ്യാസ അവകാശ നിയമം. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം സ്ഥാപിതമായ സ്കൂളുകളുടെ ന്യൂനപക്ഷസ്വഭാവത്തെ ബാധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.