കവിത ബിആർഎസ് വിട്ടു, എംഎൽസി സ്ഥാനം രാജിവച്ചു
Thursday, September 4, 2025 2:15 AM IST
ഹൈദരാബാദ്: ബിആർഎസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട കെ. കവിത പാർട്ടിവിട്ടു. എംഎൽസിസ്ഥാനം കവിത രാജിവച്ചു. ചൊവ്വാഴ്ച കവിതയെ ബിആർഎസിൽനിന്നു പിതാവും പാർട്ടി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു സസ്പെൻഡ് ചെയ്തിരുന്നു.
തനിക്കെതിരേ നടപടിയെടുക്കാൻ പിതാവിനുമേൽ സമ്മർദമുണ്ടെന്ന് കവിത ആരോപിച്ചു. ഉറ്റ ബന്ധുവും മുൻ മന്ത്രിയുമായ ടി. ഹരീഷ് റാവുവിനെതിരേ വാർത്താസമ്മേളനത്തിൽ കവിത രൂക്ഷ വിമർശനമുയർത്തി.
""ഹരീഷ് റാവു കെസിആർ കുടുംബത്തിനെതിരേ ഗൂഢാലോചന നടത്തുകയാണ്. തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയുമായി ഹരീഷ് റാവു രഹസ്യധാരണയുണ്ടാക്കിയിരിക്കുകയാണ്. ഹരീഷ് റാവുവിന്റെ ഗൂഢതന്ത്രങ്ങളെക്കുറിച്ച് എന്റെ സഹോദരൻ കെ.ടി. രാമ റാവു കരുതിയിരിക്കണം. എനിക്കെതിരേ വിദ്വേഷപ്രചാരണം നടന്നപ്പോൾ രാമു അണ്ണ (രാമ റാവു) എന്നെ പിന്തുണച്ചില്ല. എന്റെ ജീവനക്കാരുടെ ഫോൺ ചോർത്തിയതിനു പിന്നിലും ഹരീഷ് റാവുവാണ്'' - കവിത പറഞ്ഞു.
ഒരു രാഷ്ട്രീയപാർട്ടിയിലും ചേരുന്നില്ലെന്ന് കവിത കൂട്ടിച്ചേർത്തു. ഹരീഷ് റാവുവുമായി തനിക്കു ബന്ധമുണ്ടെന്ന കവിതയുടെ ആരോപണം തള്ളി തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി രംഗത്തുവന്നു. ഇത്തരം വൃത്തികെട്ട ആളുകളുമായ ബന്ധം സ്ഥാപിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് റെഡ്ഢി പറഞ്ഞു.