മണിപ്പുർ സന്ദർശിക്കാൻ മോദി
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മണിപ്പുർ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടു വർഷം കഴിയുന്പോഴാണ് പ്രധാനമന്ത്രി മണിപ്പുർ സന്ദർശനത്തിനൊരുങ്ങുന്നത്.
മണിപ്പുർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനപദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 13ന് പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബൈറാബി-സൈറാംഗ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറം സന്ദർശിക്കും. പിന്നീട് മണിപ്പുരിലേക്കു തിരിക്കുമെന്നാണ് മിസോറം സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 30ന് ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണിപ്പുരിലെ വിവിഐപി സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തുവെന്നാണു വിവരം.
തലസ്ഥാന നഗരമായ ഇംഫാൽ, ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ട് എന്നീ രണ്ടു വേദികളിലേക്കുള്ള വിവിഐപി റൂട്ടിലെ ജാമറുകൾ സ്ഥാപിക്കൽ, ശുചീകരണ പ്രവർത്തങ്ങൾ, മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കൽ, ജനക്കൂട്ട നിയന്ത്രണ നടപടികൾ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ യോഗത്തിൽ ചർച്ച ചെയ്തതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് മണിപ്പുർ, മിസോറം സർക്കാരുകളോ പ്രധാനമന്ത്രിയുടെ ഓഫീസോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
നിരവധി ആളുകൾക്കു ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിനാളുകൾ കുടിയിറക്കപ്പെടുകയും ചെയ്ത മണിപ്പുരിലെ വംശീയ കലാപത്തെത്തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭരണത്തിലാണ് ഇപ്പോൾ സംസ്ഥാനം.
കലാപത്തെത്തുടർന്ന് മോദി മണിപ്പുർ സന്ദർശിക്കാതിരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കലാപം ഇല്ലാതാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനവും ഉയർന്നിരുന്നു.
ഒടുവിൽ ധൈര്യം കാണിച്ചു: കോണ്ഗ്രസ്
വംശീയകലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടു വർഷം പിന്നിടുന്പോഴാണു പ്രധാനമന്ത്രിക്ക് മണിപ്പുർ സന്ദർശിക്കാനുള്ള ധൈര്യം ലഭിച്ചതെന്ന് കോണ്ഗ്രസ്. കലാപം ഇല്ലാതാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകൾ കുടിയിറക്കപ്പെട്ടു. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയേണ്ടിവന്നു. മണിപ്പുരിൽ സാമൂഹിക ഐക്യത്തിന്റെ അന്തരീക്ഷം പൂർണമായും തകർക്കപ്പെട്ടപ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല.
സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയെങ്കിലും ജനജീവിതം സാധാരണനിലയിലാക്കുന്നതിൽ സർക്കാർ പരാജപ്പെട്ടുവെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.