കുടിയേറ്റ വിദേശി നിയമത്തിൽ ഇളവ്; ഇന്ത്യയില്‍ തുടരാന്‍ പാസ്പോര്‍ട്ടോ രേഖകളോ വേണ്ട
Thursday, September 4, 2025 2:15 AM IST
സനു സിറിയക്
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽനിന്ന് 2024 ഡിസംബർ 31നോ അതിനുമുന്‍പോ ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവർക്ക് കുടിയേറ്റ വിദേശി നിയമം 2025 പ്രകാരമുള്ള ശിക്ഷയിൽനിന്ന് ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ.
പൗരത്വ ഭേദഗതി നിയമപ്രകാരം നിർദിഷ്ട രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുന്‍പ് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവു പ്രകാരം 2024 ഡിസംബർ 31 വരെ ഇന്ത്യയിൽ പ്രവേശിച്ച മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് കുടിയേറ്റ വിദേശി നിയമപ്രകാരമുള്ള ശിക്ഷയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇവർക്കു പൗരത്വത്തിന് അപേക്ഷിക്കാമോയെന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ബിഹാറിലും പശ്ചിമബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്രത്തിന്റെ സുപ്രധാന നീക്കം.
രാജ്യവ്യാപകമായ പ്രതിഷേധത്തിനു പിന്നാലെ കഴിഞ്ഞവർഷം മാർച്ചിലാണ് പൗരത്വ ഭേദഗതിനിയമം പ്രാബല്യത്തിൽ വന്നത്. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയെങ്കിലും നാലു വർഷത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കുന്നത്.
ഇതിനിടയിലാണ് കുടിയേറ്റ വിദേശി നിയമം 2025 പ്രകാരമുള്ള ശിക്ഷായിളവിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ ഇറക്കുന്നത്.
നേപ്പാളിലെ ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി വഴി 1959നും 2003 മേയ് 30 നുമിടയിൽ ഇന്ത്യയിലേക്കു പ്രവേശിച്ചതും ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർ വഴി രജിസ്റ്റർ ചെയ്തതുമായ നേപ്പാൾ, ഭൂട്ടാൻ, ടിബറ്റൻ പൗരന്മാർക്കും കുടിയേറ്റ വിദേശി നിയമം 2025 പ്രകാരമുള്ള ശിക്ഷയിൽനിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
എന്നാൽ ചൈന, മക്കാവു, ഹോങ്കോംഗ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി ഇന്ത്യയിൽ പ്രവേശിച്ച നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് ഇളവിന് അർഹതയില്ല.