""ബിജെപി എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചു ''; കേസിൽനിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
Wednesday, September 3, 2025 2:06 AM IST
ജബൽപുർ: എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിൽനിന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പിന്മാറി.
ബിജെപി എംഎൽഎ സഞ്ജയ് പഥക് ആണ് ജസ്റ്റീസ് വിശാൽ മിശ്രയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഈ പ്രത്യേക വിഷയം സംസാരിക്കാൻ താത്പര്യമുണ്ടെന്ന് കാട്ടി എംഎൽഎ ഫോണിൽവിളിച്ചുവെന്നും അതിനാൽ കേസിൽ നിന്ന് പിന്മാറുകയാണെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റീസ് വിശാൽ മിശ്ര അറിയിച്ചു.
അനധികൃത ഖനികൾക്കെതിരേ അശുതോഷ് ദീക്ഷിത് എന്നയാൾ നൽകിയ ഹർജിയിലാണ് എംഎൽഎ അനധികൃത ഇടപെടലിനു ശ്രമിച്ചത്. ബിജെപി എംഎൽഎയുമായി ബന്ധമുള്ള മൂന്ന് കന്പനികൾ ഖനനത്തിൽ പങ്കെടുക്കുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.
കാന്തി ജില്ലയിലെ വിജയരാഘവ്ഗഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ പുതിയ വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.