മധ്യപ്രദേശിൽ നവജാതശിശുക്കളെ എലി കടിച്ചു
Wednesday, September 3, 2025 2:06 AM IST
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിൽ സർക്കാർ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കൾക്ക് എലിയുടെ കടിയേറ്റു.
ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുട്ടികളെയാണ് എലി കടിച്ചുപറിച്ചത്.
ഒരാഴ്ചമാത്രം പ്രായമുള്ള കുരുന്നുകളെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എലിയുടെ കടിയേറ്റ ഒരു കുട്ടി ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. ന്യൂമോണിയ ബാധിച്ചതാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദേഹത്ത് പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട നഴ്സുമാരാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു കുട്ടികള്‍ക്കു പരിക്കേറ്റത് വ്യക്തമായത്. ഒരു കുട്ടിയുടെ വിരലിലും മറ്റൊരു കുട്ടിയുടെ തലയിലും തോളിലുമാണ് എലി കടിച്ചത്. മ
ധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ അണുനശീകരണം നടത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് നഴ്സുമാരെയും സൂപ്രണ്ടിനെയും സസ്പൻഡ് ചെയ്തു.
ആശുപത്രിവളപ്പ് വൃത്തിയാക്കാനുള്ള കരാർ നേടിയ കന്പനിക്ക് ഒരുലക്ഷംരൂപ പിഴയും വിധിച്ചു. എലി കടിച്ചതല്ല കുട്ടിയുടെ മരണകാരണമെന്നാണ് ആശുപത്രിയുടെ വാദം. കുട്ടിക്ക് 1.20 കിലോ മാത്രമാണ് തൂക്കം.ഗുരുതരാവസ്ഥയിലാണു കുട്ടിയെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.